Followers

Sunday, June 5, 2022

ലോക പരിസ്ഥിതി ദിനം - ഇന്നലെയല്ലേ?


#1

ഇന്ന് ലോക പരിസ്ഥിതി ദിനം.

അത് ഇന്നലെയല്ലേ?


അതെ.... 

അത് ഇന്നലെയായിരുന്നു.

ജൂൺ 5 2022 ആണ് ലോക പരിസ്ഥിതി ദിനം.


അപ്പോ ഇന്നെന്നു പറഞ്ഞിരിക്കുന്നതോ?


കർഷകനല്ലേ...

ഇടത്തോട്ട് തോളു ചരിച്ച്


ഇന്നലെ മുഴുവൻ കളപറിക്കലായിരുന്നു.


എന്റെ ഫേസ്ബുക്ക് മാനേജർ ഇന്നലെ ഇല്ലാരുന്നു താനും.

അപ്പോ പിന്നെങ്ങനെ ഇന്നലെ പോസ്റ്റിടും.


തിരിഞ്ഞാ.....


ന്നാ അടുക്കള ഭാഗത്തേക്ക് പോകാം..


അവിടെ നിറയെ ആൾക്കൂട്ടം.

ഇന്നിങ്ങോട്ട് തിരുഞ്ഞുനോക്കണ്ടാ 

വിശക്കുമ്പോ വന്നാമതി.. 


സൈക്കളുമെടുത്ത് ഞായറാഴ്ചത്തെ മോണിംഗ് വാക്കിനിറങ്ങി.

സൈക്കിളെടുക്കുന്ന കണ്ടപ്പോഴേ ഇളയവൾ കുടിവെള്ളക്കുപ്പി കൊണ്ടുവന്ന് സൈക്കിളിൽ വച്ചു. 


അങ്ങനെ കുതിരയുമായി റോഡിലേക്കിറങ്ങി

ഞായറാഴ്ചയല്ലെ കരാട്ടേ കളരിയിലേക്ക് വച്ചുപിടിക്കാം

അതാവുമ്പോ കുറച്ചുദൂരം ചവിട്ടുകയും ചെയ്യാം.

********


കൊറോണ പിടിവിട്ട കാലം മുതൽ ആഴ്ചയിൽ 4 ക്ലാസ് അതും രാവിലെയും വൈകിട്ടും ഉണ്ടായിരുന്നു; മാസ്റ്ററുടെ ഹോം ഡോജോയിൽ. കുട്ടികൾക്ക് എപ്പോ എതു ക്ലാസ്സിനു വേണമെങ്കിലും വന്നു പങ്കടുക്കാം. 2 ക്ലാസ് മിനിമം വന്നിരിക്കണം (മടിയന്മാർക്കുള്ള വാർണിംഗ്). കുട്ടികൾക്കു മാത്രമല്ല സീനിയേഴ്‌സിനും പങ്കെടുക്കാം.


ഇപ്പോഴത്തെ പാക്കറ്റ് കാരാട്ടേ പോലെ തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ഫീസ് ചോദിക്കുന്ന പരിഷ്‌കൃതസമൂഹ കരാട്ടേക്കാരേപ്പോലെയുള്ള ഒരു ജാഡയും മാസ്റ്റർക്കില്ല.


അപ്പോ കുട്ടികളുടെ ക്ലാസും കാണാം സീനിയേഴ്‌സ് (സമകാലികർ) ആരെങ്കിലും ഉണ്ടെങ്കിൽ അല്പം കുശലവും പറയാമല്ലോ എന്നുകൂടി കരുതി.

*********


കൊറോണ തുടങ്ങിയപ്പോ അവസാനിച്ച കുണ്ടറ സൈക്ലിൾ ക്ലബ്ബിന്റെ പ്രവർത്തനം; ഒന്നാം തരങ്കവും രണ്ടാം തരങ്കവും ഒക്കെയവസാനിച്ച് കൊറോണ കെട്ടടങ്ങിത്തുടങ്ങിയിട്ടും പുനരാരംഭിക്കാനായിട്ടില്ല.


കൃത്യമായ വ്യായമവും ആരോഗ്യ ശീലങ്ങളുമൊക്കെ മലയാളിക്ക് അത്ര പ്രിയം പോരാ.


“കേരളത്തിൽ എല്ലാ കരാട്ടേ സ്റ്റൈലുകളും കൂടി അടവച്ചുവരിയിരിക്കുന്ന ബ്ലാക് ബല്ടുകളുടെ കണക്കെടുത്താൽ വർഷാവർഷം ഒന്നാം ക്ലാസിൽ കയറുന്ന കുട്ടികളെക്കാൾ വരും”. 


ഒന്നുകിൽ കുട്ടികൾ ഉന്തിത്തള്ളി ബ്ലാക് നേടുന്നതുവരെ കരാട്ടേ പഠിക്കുന്ന, അല്ലെങ്കിൽ രക്ഷകർത്താക്കളുടെ നിർബന്ധത്തിന് മാത്രം പഠിക്കുന്നു. അതുമല്ലങ്കിൽ ചില കാരട്ടേ സ്‌കൂളുകാർ പണത്തിനുവേണ്ടി മാത്രം ബ്ലാക് ബൽട് കച്ചവടം നടത്തുന്നു. 


എന്തൊക്കെ ആയാലും പണ്ടത്തെപ്പോലെ സെൽഫ് ഡിഫൻസിനുവേണ്ടി കരാട്ടേ പഠനം നടത്തുന്ന സ്റ്റൈലുകൾ തുലോം തുച്ഛവും; അങ്ങനെ പ്രാക്ടീസ് ചെയ്യിക്കുന്ന മാസ്റ്റർമാർ കുറവുമാണ്.


എന്തിനേറെ രക്ഷകർത്താക്കൾക്കും കറുത്ത നിറമുള്ള ബൽട് മതിയല്ലോ ? എല്ലാ ബ്ലാക് ബൽടും ബ്ലാക് ബല്ട് അല്ല എന്നു തിരിച്ചറിയാൻ ഇവരെയൊക്കെ പട്ടികടിക്കാനെങ്കിലും ഓടിക്കണം.

************


അതങ്ങനെ നിക്കട്ടെ സൈക്കിളിലേക്ക് വരാം. 


ഗ്രൂപ്പ് സൈക്കിളിംഗ് പുനരാരംഭിക്കാനായി നടത്തിയ ശ്രമങ്ങൾ തീർത്തും പരാജയമായിരുന്നു. കാരണം എനിക്ക് ആവറേജ് സ്പീഡിൽ പോലും സൈക്കിൾ ചവിട്ടിപ്പോകാൻ കഴിയാതായി എന്നതല്ലാതെ മറ്റൊരു പ്രയോജനവും കിട്ടിയില്ല. കൂടെ വരുന്നവരെയൊക്കെ കൊറോണ അത്രയ്ക്ക് മടയന്മാരാക്കിയിരുന്നു. അവാസാനം മറ്റാരെയും കൂട്ടാതെ സൈക്കിളിം ചെയ്യാൻ തുടങ്ങി. അലസന്മാരെയും കൊണ്ടുള്ള റൈഡിനുപോക്ക് ഇനിയില്ലെന്നു തീരുമാനിച്ച് രണ്ടു മൂന്നു മാസമായി ഒറ്റയ്ക്കാണ് റൈഡ്.


പക്ഷേ രണ്ടാഴ്ച മുന്നേ സൈക്കിളിനേറ്റ അവിചാരിതവും അശ്രദ്ധകൊണ്ടു സംഭവിച്ചതുമായ രണ്ടു പഞ്ചറുകളും തിരിച്ചുള്ള ഉരുട്ടിക്കൊണ്ടൊള്ളവരവും മൂലം മനസ്സിനേറ്റ് ആഘാതത്തിനുശേഷം വീണ്ടുമുള്ള ആദ്യത്തേ ദൂരെപ്പോക്കാണ് ഇന്നത്തേത്.

*************


പഞ്ചറിനേക്കുറിച്ചല്ലേ?

അതു പറഞ്ഞിട്ടുപോകാം.


അനിയന്റെ വീടിന്റെ പാലുകാച്ച് കഴിഞ്ഞ അടുത്ത ദിവസം സൈക്കിൾ റൈഡിനിറങ്ങിയപ്പോ അവിടെ ഒന്നു കയറിപ്പോകാം എന്നു കരുതി പോയി. വീടുനു പുറത്തു തന്നെ നിന്നു സംസാരിച്ചു മടങ്ങി റൈഡിനു പോയി. പക്ഷേ കുറേ ദൂരം പോയപ്പോൾ മുൻ ടയറിനു കാറ്റു കുറയുന്നതുപോലെ തോന്നിയതായിരിക്കും എന്നുകുരതി ആഞ്ഞു ചവിട്ടി കുറേദുരം ചെന്നപ്പോ കാറ്റു മുഴുവൻ പോയിരിക്കുന്നു.


വാൽവ് ലീക്കായിരിക്കും എന്നു കരുതി തിരികെ നടന്നു.

സൈക്കിളുമുരുട്ടിയുള്ള നടപ്പുകണ്ട് സ്ഥിരം നടത്തക്കാരനായ ഒരു ചേട്ടൻ ചോദിച്ചു... 


പഞ്ചറാണോ ?


അദ്ദേഹം എന്നേ സൈക്കിളിന്റെ മുകളിലല്ലാതെ കണ്ടത് അന്നായിരുന്നു.

അപ്പോ പിന്നെ സ്വാഭാവികമായും അങ്ങനെ ചോദിക്കണമല്ലോ.

പക്ഷേ പഞ്ചാറാണോ എന്നു ഉറപ്പിച്ചു പറയാൻ എനിക്കു കഴിയുന്നുമില്ല.

നല്ല ബ്രാന്റഡ് ടയറും ട്യൂബും നിരപ്പായ ടാർ റോഡിലൂടെയാണ് പോയതു താനും...


ആണെന്നു തോന്നുന്നു.

എന്നുപറഞ്ഞ് ഞങ്ങൾ എതിർ ദിശയിൽ നടന്നകന്നു.


വീട്ടിലെത്തി ആദ്യം ചെയ്തത് സൈക്കിളിൽ നിന്നും ടയർ ഇളക്കി അതിൽ നിന്നും ട്യൂബ് പുറത്തെടുത്തു. ട്യൂബിലേക്ക് കാറ്റടിച്ചു നോക്കാം ചിലപ്പോ ശരിയായാലോ. കാറ്റടിച്ചു നിറച്ച് അവിടെ വച്ചിട്ട് പോകാൻ റഡിയായി. തിരികെ വന്നപ്പോ കാറ്റെല്ലാം പോയിരിക്കുന്നു. കാറ്റുപോകുന്ന ഹോൾ കണ്ടുപിടിച്ചു മുനയുള്ള എന്തോ ഒന്ന് കുത്തി കൊണ്ടതാണ്. ഒരോരുത്തന്മാര് ആണിയോ മറ്റോ റോഡിലിട്ടിരുന്നതയിരിക്കും.


ഓഫീസിൽ പോകുന്ന വഴിയിൽ പുന്നമുക്കിലെ സജീവ് അണ്ണന്റെ കയ്യിൽ കൊടുത്താൽ ഒട്ടിച്ചു റഡിയാക്കി വയ്ക്കും. തിരികെ വരുമ്പോ കൊണ്ടുവന്നു ഫിറ്റ് ചെയ്താൽ നാളത്തെ റൈഡു മുടങ്ങില്ല.അടുത്ത ദീവസം വീണ്ടും സൈക്കിൾ റൈഡിനുപോയി. കാറ്റൊക്കെ പരിശോധിച്ച് ഉറപ്പിച്ചിട്ടാണ് പുറപ്പെട്ടത്. തലേദിവസം കാറ്റുകുറവുന്ന സ്ഥലത്തെത്തിയപ്പോ വീണ്ടും കാറ്റുകുറവ്. 


സയൻസ് പതിയെ തലയിൽനിന്നിങ്ങി.

ഇനി വല്ല പ്രേതബാധയും. 


ഹെയ് അല്ല.

പരീക്ഷണത്തിനു നിൽക്കാതെ തിരികെ ചവിട്ടി പോകാൻ തീരുമാനിച്ചു.

കുറേ വന്നപ്പോ നിശേഷം കാറ്റു നിശേഷം തീർന്നു.

ഉരുട്ടി വീട്ടിലെത്തി ടയറഴിച്ചു.

ഈ പ്രാവശ്യം ട്യൂബും ടയറും ഒന്നിച്ച് സൈക്കിൾ കടയിൽ കൊണ്ടുകൊടുത്തു.


വാങ്ങാനെത്തിയപ്പോ സജീവ് അണ്ണൻ കാത്തിരിക്കുകയായിരുന്നു.

ഒരു മൊട്ടുസൂചിയുടെ മുന എനിക്കെടുത്തു തന്നു. 

എന്നിട്ട് പറഞ്ഞു

അന്നു പഞ്ചറായ ഇടത്തല്ലാ ഇന്നു വന്നത്.

ഇന്നു ട്യൂബിന്റെ രണ്ടുഭാഗത്തും കുഴി വീണിരുന്നു.


ഇന്നലെ ടയർ കൊണ്ടുവന്നിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.


പെട്ടന്നാണ് മൊട്ടുസൂചി ചിന്ത അനിയന്റെ വീടിന്റെ പാലുകാച്ചിലേക്ക് പോയത്. അവിടെ പന്തലുകാർ ഉപയോഗിച്ച മൊട്ടുസൂചികളിലൊന്ന് തറയിൽ കിടന്നതായിരിക്കും.


പറഞ്ഞിട്ടുകാര്യമില്ല നല്ല ടയറിലും ട്യൂബിലും കുഴി വീണു 2 പഞ്ചറും കിട്ടി.

ശേഷം സൈക്കിൾ ചവിട്ടിനുള്ള ആവേശം അവസാനിച്ചതിനാൽ വീട്ടിലുള്ള ഓർബീട്രക്കിലേക്ക് റൈഡ് മാറ്റിപ്പിടിച്ചു.

**************


ഒറ്റയ്ക്കുള്ള സൈക്കിൾ റൈഡ്

ചെവിയിൽ പാട്ടും

നേരം പുലർന്നുവരുന്നതേയുള്ളു

കൂടെ ആരുമില്ലാത്തതിനാൽ നല്ല വേഗതയിൽ തന്നെ ചവിട്ടി നീങ്ങാനായി.


ഡോജോയുടെ ഗേറ്റ് അടഞ്ഞുകിടക്കുന്നു.

അകത്തും ആരേയും കാണുന്നില്ല ഗേറ്റ് പതിയെ തുറന്ന് അകത്തു കയറി.

മാവിൻ ചോട്ടിലേക്ക് സൈക്കിൾ നീക്കി വച്ച് വെള്ളം എടുത്തൽപം കുടിച്ചു.

വേഗതയിൽ ചവിട്ടിയതിന്റേതാണ് കാലിന് നല്ല കഴപ്പ്.

അല്പം ചാരി ഇരുന്ന് ആലോചിച്ചു എന്തായിരിക്കും സംഭവിച്ചത്.

ആരേയും കാണാത്തത് എന്തായിരിക്കും.

********************


സ്‌കൂൾ തുറന്നപ്പോൾ ക്ലാസുകൾ പഴയതുപോലെ റീ അറേഞ്ചു ചെയ്തിരുന്നു.

കുറേദിവസമായി ഈ വഴിയൊന്നും വരാഞ്ഞതുകൊണ്ട് അറഞ്ഞില്ല.

ഏതായാലും ഇവിടെ വരെ എത്തിയില്ലെ മാസ്റ്ററെ ഒന്നു വിളിക്കാം...


റിംഗ് അടിക്കുന്നു.

ങാ... മനു പറയ്...

ഞാൻ സൈക്കിൾ ചവിട്ടി ഇവിടെ വന്നാരുന്നു ആരേയും കാണുന്നില്ല.

അതുകൊണ്ട് വിളിച്ചതാണ്.


വല്ലപ്പോഴും ഒക്കെ അതിലേ വരണം.... (നീരസം കലർന്ന ശബ്ദത്തിൽ)

ഇപ്പോ ക്ലാസിലാണ്.


(കുറേ ആയി അതുവഴി പോയിട്ട് അതിന്റെ നീരസം പ്രകടിപ്പിച്ചതാണ്.

ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്.)


ശരി മാസ്റ്റർ... ഞാൻ ഉടൻ തിരികെപ്പോകും..


അതു കട്ടായി.

അഞ്ചു മിനിറ്റോളം അവിടെ നിന്നു തിരികെ വീണ്ടും വീട്ടിലേക്ക്.

വീട്ടിലെത്തി അൽപം ഇരുന്നു.

*****************************


മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്തിരുന്നത് കിളിർത്ത് മൂന്നുനാല് ഇലവന്നിരുന്നു. അതിനിടയ്ക്ക് അതിനേക്കാൾ വലിയ കള ചെടികൾ വളർന്നുനിൽക്കുന്നുണ്ടായിരുന്നു. അതൊക്കെ ഒന്നു വൃത്തിയാക്കാം എന്നു കരുതി കുട്ടികളെയും കൂട്ടി പറമ്പിലേക്കിറങ്ങി.


കാന്താരിച്ചെടി നിറയെ ചുവന്ന ബൾബുകൾ മൂത്തവളോട് അവയൊക്കെ ശ്രദ്ധയോടെ പറിച്ചു ശേഖരിക്കാൻ പറഞ്ഞു ഞാൻ കളപറിക്കാൻ ആരംഭിച്ചു. ഉച്ചയോടടുക്കുമ്പോഴാണ് ഞങ്ങൾ മൂവർ സംഘം അവയൊക്കെ പറിച്ചു മാറ്റി പറമ്പിന്റെ ഒരുഭാഗം വൃത്തിയാക്കിയത്. പെട്ടന്നു പെയ്ത തുടർച്ചയായ മഴ ആവശ്യമുള്ള ചെടികളേക്കാൾ ഉയരത്തിൽ കള വളരുന്നതിന് സഹായകമായി. വിശപ്പ് അധികരിച്ചപ്പോൾ പണിമതിയാക്കി കയറി.


ഒന്നു കുളിച്ചു റഡിയായി വരാന്തയിൽ വന്ന് അച്ഛന്റെ പഴയ ചാരുകസാരയിലിരുന്നു.


മൊബൈൽ എടുത്ത് ഒന്നു തോണ്ടി.

ദേ കിടക്കുന്നു പരിസ്ഥിതി ദിനത്തിന്റെ പോസ്റ്റുകളുടെ പ്രവാഹം.

ചെടി വയ്ക്കുന്നു, 

മരം വയ്ക്കുന്നു, 

കുട്ടികളെക്കൊണ്ട് ചെടി വയ്പ്പിച്ചു ഫോട്ടോം പിടിക്കുന്നു..


(കൊന്നയോ, കറിവേപ്പോ, പൂവ് പിടിക്കുന്ന ചെടിയോ വയ്ക്കുന്ന ഫോട്ടോകൾ അതും കോൺക്രീറ്റിട്ട മുറ്റത്തിന്റെ അരുകിൽ. ഒരു പറമ്പുവാങ്ങി അതിൽ മുഴുവൻ വീടും വച്ച് ബാക്കി സ്ഥലം മുഴുവൻ ഇന്റർലോക്കുമിട്ട് അതിനുമുകളിൽ പ്ലാസ്റ്റിക് ചട്ടികളിൽ ചെടിവയ്ക്കുന്നവർ എങ്ങനെ ഒരു കാട് അല്ലെങ്കിൽ ഒരു മരമെങ്കിലും മനഃപ്പൂർവ്വമായി വച്ചുപിടിപ്പിക്കും. 


മരം നടുന്നവരുടെ അഭിനയം കണ്ട് രോമാഞ്ചം കൊണ്ടുപോയി...

മൊബൈലും താഴെ വച്ചു ഞാനൊന്നു മയങ്ങട്ടെ.

വൈകിട്ടു ഒന്നുകൂടി പറമ്പിലേക്കിറങ്ങി ബാക്കി കളകൾ കൂടി വൃത്തിയാക്കണം.

അപ്പോ കൃഷിവിളകൾ നല്ല പോലെ വളർന്നുകയറിക്കോളും. 

എനിക്ക് (മനുഷ്യന്) മാത്രമായി അതിജീവിക്കണമല്ലോ...!

*******************

ഏവർക്കും ഒരു ലോക പരിസ്ഥിതി ദിനാശംസ നേരുന്നു...

ഇന്നലെ ആശംസിക്കാതിരുന്നത് അൽപം പരിസ്ഥിതി ചൂഷണ (പോച്ച പറി) ത്തിലായിരുന്നു.നന്ദി

നമസ്‌കാരം


മനു കൊല്ലം (ഒക്കെയും എന്റെ ചിന്തകൾ മാത്രമാണ്)

#1 - ഈ സീസണിലെ ആദ്യ കഥ

No comments: