എന്റെ കഥ (ആ കറുത്ത വ്യാഴാഴ്ച & ക്യാമറ റിപ്പയറിംഗ്) രണ്ടാം ഭാഗം
"ജീവിതത്തില്‍ ഇത്രയ്ക്ക് പകച്ചു നില്‍ക്കേണ്ട സാഹചര്യം ഒരിക്കലെങ്കിലുമുണ്ടാകുമെന്ന് കരുതിയതല്ല. പക്ഷേ അങ്ങനെ വേണ്ടിവന്നു. പ്രതികരിക്കാനോ അംഗികാരിക്കാനോ കഴിയാത്ത മാനസികാവസ്ഥയില്‍ നടന്നതൊക്കെ ഒന്നെഴുതുവയ്ക്കണമെന്ന തോന്നലുണ്ടായതുകൊണ്ട് മാത്രം കുറിച്ചിട്ടവയാണിതൊക്കെ. ആരെയും ബുദ്ധിമുട്ടിക്കാനുദ്ദേശിച്ചിട്ടില്ലെങ്കിലും എന്റെ മനസ്സമാധാനത്തിനായ് മാത്രം രണ്ട് ഭാഗങ്ങളുണ്ട് ."
ഭാഗം 2
ക്യാമറാ റിപ്പയറിംഗ് കഥകൊല്ലം റയില്‍ വേസ്റ്റേഷന്. സമയം രാവിലെ 8.00 മണി. ടിക്കറ്റ് കൌണ്ടറില്‍ നല്ല തിരക്കുണ്ടായിരുന്നു. കൌണ്ടറിലിരിക്കുന്ന ആളെ നല്ല പരിചയം. ക്യൂവില്‍ നിന്നും മാറി കൈ ഉയര്‍ത്തി കാട്ടി. അദ്ദേഹം തിരിച്ചും. ഓടി മുന്നിലെത്തി രണ്ട് ടിക്കറ്റെടുത്തു. വൈകിട്ടു കാണാം അത്യാവശ്യമുണ്ട് എന്നദ്ദേഹത്തോട് പറഞ്ഞ് രണ്ടാം നന്പര് പ്ലാറ്റ് ഫോമിലേക്ക് നടന്നു.
ക്യാമറയും ലന്സും അടങ്ങിയ ബാഗ് ചേര്‍ത്തുപിടിച്ച് ഒന്നുമിണ്ടാതെയിരിക്കുന്ന എന്നോട് ശ്യാം ഓരോ കാര്യങ്ങളിങ്ങനെ പറയുന്നുണ്ട്. മനസ്സിനൊരുമരവിപ്പ് ബാധിച്ചിരുന്നതുകാരണം മറുപടി വരുന്നില്ല. ജയന്തിജനതാ എക്സ്പ്രസ് ആ വളവുതിരിഞ്ഞ് രണ്ടാം പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. തീതുപ്പലുകളും ഡിസലിന്റെ ഗന്ധവുമില്ലാത്ത പുതിയ ഇലക്ട്രിക് എഞ്ചി൯. 25000 വാട്സ് എന്നെഴുതിയ ബോര്‍ഡ് ആസ്റ്റേഷനിലെല്ലാം പതിച്ചിരുന്നു. അതില്‍ നിന്നൊരു പൂജ്യം കുറച്ചാല്‍ പോലും തൊടുന്നവന്റെ മരണമുറപ്പായിരുന്നു. വളരെപ്രീയപ്പട്ടതിന്റെ നഷ്ടത്തോളം വേദനയുള്ളതല്ല മരണം എന്നു ഞാനെവിടെയോ വായിച്ചിട്ടുണ്ട്.
ഈ ട്രയിനില്‍ തന്നെയാണ് ഞാ൯ തിരുവല്ലാ അപ്രന്റിഷിപ്പിന് പോയിരുന്നത്. ഒരു വര്‍ഷത്തെ ട്രയനിംഗ്. സീനിയര്‍ സാറന്മാരുടെ ഒരു ടീം തന്നെയുണ്ടായിരുന്നു കൂടെ. വളരെ രസകരമായ യാത്ര. ആ കന്പാര്‍ട്ടുമെന്റില്‍ ഞങ്ങള്‍ മാത്രമേ കാണുകയുള്ളു. തമാശയും കാര്യവും എല്ലാം ചര്‍ച്ചകളില്‍ വരും. ആ രംഗങ്ങളുമോര്ത്ത് ഞാനിരുന്നു. എനിക്കെതിരായി ശ്യാമും. ഒന്നും കഴിച്ചിട്ടില്ലെങ്കിലും വശപ്പ് അല്പം പോലുമില്ല.
ചായ ചായേ...
വിളി കേട്ട് ഞാ൯ ചിന്തകളില്‍ നിന്നുണര്‍ന്നു.
“ശ്യാമേ ചായ വേണോ.”
“വേണ്ട”
ട്രയി൯ കൊല്ലത്തുനിന്നും യാത്ര തിരിച്ചു.
മണ്റോത്തുരുത്തിലെത്തിയപ്പോ കാപ്പിക്കാര൯ വന്നു.
കാപ്പി കാപ്പി........
“ചേട്ടോ രണ്ടു കാപ്പി”
മണ്‍റോത്തുരുത്ത് വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമപ്രദേശം. ആ റയില്‍ വേസ്റ്റേഷനിലിറങ്ങി നടന്നു പോയാല്‍ ഒരുദിവസം മുഴുവ൯ നടന്നാലും കണ്ടുതീരാത്തത്ര മനോഹരമായ സ്ഥലം. ഒരുപാടുതവണ ഞാനിവിടെ വന്നിട്ടുണ്ട്. വീട്ടില്‍ നിന്നും ബൈക്കില്‍ വരാനുള്ള ദുരമേയുള്ളൂ. കല്ലട വള്ലം കളി നടക്കുന്ന കായലിന്റെ അരികിലൂടെയാണ് ഇവിടെ എത്തിച്ചേരുന്നത്. ബൈക്ക് സ്റ്റേഷനില്‍ വച്ചിട്ട് റയില്‍വെ ലൈനിലൂടെ നടന്ന് ഒരു പാലം കടന്നുപോയി അപ്പുറത്തിറങ്ങണം. പിന്നെ നടത്തമാണ് ഒരുപാട്ദുരം നടന്നു കാഴ്ചകള്‍ കാണാം. ഒക്കെയോര്‍ത്ത് നെടുവീര്‍പ്പിട്ടു.
ആ ട്രിപ്പുകളൊക്കെ ഓര്‍മ്മയാകുമോ?
ക്യാമറ ശരിയായി കിട്ടുമോ?
ഓരോന്നാലോചിച്ച് മിണ്ടാതെയിരുന്ന് കോട്ടയം വരെയെത്തി. ഒരുപാടു മുഖങ്ങള്‍ ട്രയിനില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.
കന്പാര്ട്ടുമെന്റിന്റെ സൈഡ് ടേബിള്‍ ഉയര്‍ത്തി വച്ച് കയ്യിലിരുന്ന ക്യാമറാ ബാഗ് അതില്‍ വച്ചു. എന്നിട്ട് ശ്യാമുമായി സംസാരിച്ചുതുടങ്ങി. രണ്ടുപേര്‍ക്കും ഇന്ററസ്റ്റുള്ള വിഷയങ്ങളില്‍ പ്രധാനമായത് കരാട്ടേ തന്നെയായിരുന്നു. അതു തന്നെ തുടങ്ങി. പറഞ്ഞുപറഞ്ഞ് ഫോട്ടോഗ്രാഫിയിലെത്തി.
ചായ ചായേ....
വീണ്ടും വളി.
ഞാ൯ രണ്ടു ചായ പറഞ്ഞു.
ചായ ആ ടേബിളില്‍ വച്ച് ഞാനിങ്ങനെ നോക്കിയിരുന്നു. കിട്ടിയ പാടെ അവ൯ ചായയും കുടിച്ച് ശ്രാം ചാരിയിരിപ്പായി. ഇന്ത്യ൯ റെയില്‍ വെയുടെ ലോഗോയുള്ള ഗ്ലാസില്‍ നോക്കിയിരുന്നു. നല്ല ഭംഗി. മുകളിലെ സി.എഫ്.എല്‍. ലില്‍ നിന്നും വരുന്ന പ്രകാശം ആ ഗ്ലാസിലടിച്ച് അതിനുവരുന്ന നിഴല്‍ മറുവശത്ത് ട്രയിന്റെ വിന്‍ഡോയില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ നിഴല്‍. ഞാ൯ പതിയെ തല താഴ്ത്തി ഗ്ലാസും വിന്‍ഡോയും ഒരേ ചരിവില്‍ വരുത്തിനോക്കിയപ്പോഴുള്ള നിഴല്‍ വളരെ നന്നായിരുന്നു. ആ ഫോട്ടോ എടുക്കണം. ബാഗ് തുറന്ന് എന്റെ സ്വന്തം ക്യാമറ എടുത്ത് അതില്‍ 50 എം.എം. ഫിക്സഡ് ലന്സായിരുന്നു പിടിപ്പിച്ചിരുന്നത്. കുറേക്കൂടി പിറകിലേക്ക് മാറി ആ ഗ്ലാസും അതിന് പിന്നിലായി വിന്‍ഡോയും വരുന്നവിധം പിടിച്ച് ഫോട്ടോ എടുത്തു. വിന്ഡോസൈഡിലേക്ക് മാറിയിരുന്നു. ഇപ്പോ കൊള്ളാം കാണുന്ന വശത്ത് പ്രകാശമടിക്കുന്നുണ്ട്. അതുകൊണ്ട് മറുവശത്ത് നിഴലും. ട്രയിനിലെ പ്രകാശം കൂടി കെടുത്തിയപ്പോള്‍ വളരെ നന്നായിരിക്കുന്നു. ആ ഫോട്ടോ വളരെ നന്നായിരുന്നു. പിന്നെ ശ്യാം ഇരുന്നുറങ്ങുന്നതുകൂടിയെടുത്ത് ക്യാമറാ ബാഗിലിട്ട് ഞാനും ഒന്നു മയങ്ങാ൯ തീരുമാനിച്ചു.
ഉറക്കം പക്ഷേ എന്നെ ചിന്തകളുടെ ലോകത്തേക്ക് കൊണ്ടുപോയതേയുള്ളൂ.
“ആ പാറയില്‍ കാല് തെന്നി പിറകിലേക്കുവീണഞാ൯ കുത്തനേയുള്ള പാറയിലൂടെ തെന്നിയാണ് താഴെ കഴുത്തൊപ്പം വെള്ളത്തിലേക്ക് വീണത്. ഇതെല്ലാം കണ്ട് ദൂരെ മുകളില്‍ സെക്രട്ടറി പ്രമീല് നില്ക്കുന്നുണ്ടായിരുന്നു. കന്പനിയാവശ്യത്തിന് ഫോട്ടോയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ എന്റെ സ്വന്തം ഉത്തരവാദിത്വത്തില്‍ പ്രൊഫഷണല്‍ ക്യാമറയും സംഘടിപ്പിച്ചാണ് ഫോട്ടോഗ്രാഫി ട്രിപ്പിനിറങ്ങിയത്. പക്ഷേ സെക്രട്ടറിക്കത് വെറുമൊരു ടൂര്ത്രമായിരുന്നെന്നറിയാ൯ ഒരുപാടു വൈകിയിരുന്നു. അതുകൊണ്ടാണല്ലോ കഷ്ടിച്ച് ജീവ൯ രക്ഷപെടുകയും കൊണ്ടുപോയ ക്യാമറ പൂര്‍ണ്ണമായും ഉപയോഗശൂന്യമാകുകയും ചെയ്തിട്ട് ഒരാഴ്ചയായിട്ടും സെക്രട്ടറിയ്ക്കൊരു കുലുക്കവുമില്ലാതിരുന്നതും നടന്ന സംഭവങ്ങള്‍ പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പെടുത്താതിരുന്നതും. അവസാനം കാര്യങ്ങള്‍ നേരിട്ടറിയിക്കാനായി ഞാ൯ പ്രസിഡന്റിന്റെ വീട്ടിലേക്കു പോയി. അദ്ദേഹം സിറ്റൊട്ടില്‍ തന്നെയുണ്ടായിരുന്നു. നഷ്ടപ്പെട്ട ക്യാമറയുടെ വിവരങ്ങളും അതിന്മേല് ഇപ്പോഴുള്ള ബാദ്ധ്യതയും സര്‍വ്വീസിന് കൊടുക്കേണ്ട ആവശ്യവും അതിനാവുന്ന ഏകദേശ ചെലവുകളും മറ്റും പറഞ്ഞെങ്കിലും അദ്ദേഹം മറുപടിയൊന്നും പറയാതെ എന്നേയുംകൊണ്ട് ഗേറ്റിന് പുറത്തേക്കുവന്ന് എന്തെങ്കിലും ചെയ്യാ൯ പറ്റുമോ എന്നാലോചിക്കട്ടെ തല്ക്കാലം പൊയ്ക്കൊള്ളുക എന്ന് പറഞ്ഞുവിടുകയാണല്ലേ ഉണ്ടായത്. ഇത്രയും നിരുത്തരവാദിത്തമായി കാര്യങ്ങളെ കാണുന്നവര്ക്കുവേണ്ടിയാണോ ഞാ൯ ഫോട്ടോഗ്രാഫി ട്രിപ്പിന് സ്വന്തം ഉത്തരവാദിത്തത്തില്‍ ക്യാമറ സംഘടിപ്പിച്ച് പോയത്. ഇത്തരം ആള്‍ക്കാരെ അല്പം അകലെ നിറുത്തുകയല്ലേ വേണ്ടത്.”
ഇതിനകം ട്രയി൯ എറണാകുളം നോര്‍ത്ത് റയില്‍ വേസ്റ്റേഷനിലെത്തിയിരുന്നു. ഉറങ്ങുന്ന ശ്യാമിനെ വിളിച്ചുണര്ത്താ൯ തോന്നിയില്ല. വല്ല കാശ്മീരിലോ മറ്റോ പോയി ഇറങ്ങിയാലോ എന്നു ഞാനാലോചിക്കാതെയുമിരുന്നില്ല.
ടാ... ശ്യാമേ... എഴുന്നേര്
ഒരുവിധം അവനെ താങ്ങി പുറത്തിറക്കി. മുഖമൊക്കെ കഴുകി റയില്‍വേ കാന്റീനില്‍ നിന്നും ചായ വാങ്ങിക്കുടിച്ചു സ്റ്റേഷന് പുറത്തേക്ക് വന്നു. പ്രീപെയ്ഡ് ആട്ടോ സ്റ്റാന്റിലെ നീണ്ട ക്യൂ ഞങ്ങളെ നടന്നുപോകാ൯ തന്നെ പ്രേരിപ്പിച്ചു.
കാനന്റെ സര്‍വ്വീസ് സെന്റര്‍ തേടിയായിരുന്നു പിന്നീടുള്ള യാത്ര. കയ്യിലുണ്ടായിരുന്ന ലിസ്റ്റിലെ ആദ്യത്തെ അഡ്രസ് ആണ് എന്റെ ലക്ഷ്യം. ഒരിടുങ്ങിയ വഴിയുടെ രണ്ടുവശങ്ങളിലും ഇലക്ട്രോണിക് സാധനങ്ങള്‍ നിരത്തിവച്ചിരിക്കുന്ന കടകള്‍. ആ വഴിയുടെ തുടക്കത്തില്‍ ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്. അതിലെഴുതിയിരിക്കുന്നത് “ഇലക്ട്രോണിക് സ്ട്രീറ്റ്”.
ബോര്‍ഡ് വായിച്ചു തിരിഞ്ഞുനോക്കിയിട്ട് കൂടെ നടന്ന ശ്യാമിനെ കാണാനില്ല. ആലോചനാ ലോകത്ത് നടക്കുന്നതുകൊണ്ട് ഞാന്‍ നടന്നൊരുപാട് മുന്നിലെത്തിയിരുന്നു.
തിരികെ നടന്നുപോയി ഒരു കടയില്‍ കയറി നില്‍ക്കുകയായിരുന്നു അവനെ കണ്ടെത്തി.
നടന്ന് നടന്ന് മുന്‍പരിചയമുള്ള ഒരു ബോര്‍ഡിനടുത്തെത്തി നിന്നു.
“ഇലക്ട്രോണിക് സ്ട്രീറ്റ്”
അതേ!! അതേ ഇലക്ട്രോണിക് സ്ട്രീറ്റിന്റെ ബോര്‍ഡ്
ഭൂമി ഉരുണ്ടതാണെന്നൊരിക്കല് കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഫോണെടുത്ത് സര്‍വ്വീസ് സെന്ററിന്റെ അഡ്രസിനു താഴെയുള്ള ഓഫീസ് നന്പറിലേക്ക് വിളിച്ചു.
“ഹലോ!! സ്കാ൯ ക്യാമറ”
അങ്ങേതലയ്ക്കല്‍ നിന്നും മറുപടി കേട്ടു.
സ്കാ൯ ക്യാമറയോ?
അതെവിടുത്ത സ്ഥാപനം. ഞാ൯ കാനന്റെ സര്‍വ്വീസ് സെന്റര്‍ തിരക്കിയല്ലെ വന്നത്.
എനിക്ക് സംശയമായി. സംശയം തീര്‍ക്കാന്‍ വീണ്ടും ചോദിച്ചു.
“കാനന്റെ സര്‍വ്വീസ് സെന്ററല്ലെ?”
“അതെ”
“കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ക്യാമറ സര്‍വ്വീസ് ചെയ്യുന്നതിനായിട്ട് ഇലക്ട്രോണിക് സ്ട്രീറ്റില്‍ നില്‍ക്കുകയാണ് ഇനി എങ്ങോട്ടാണ് വരേണ്ടത്?”
വഴി പറഞ്ഞുതന്നു. അയാള്‍ പറഞ്ഞുതന്ന വഴിയിലൂടെ ഒരുവിധം അവിടെയത്തി. ഒന്നാം നിലയിലെ ഓഫിസിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. അവിടെ റിസപ്ഷനില്‍ ഇരുന്ന ചേട്ടനോട്.
“കാനന്റെ സര്‍വ്വീസ് സെന്റര്‍ അല്ലേ”
ആ ചേട്ട൯ നിഷ്കളങ്കനായിരുന്നു.
“കാനന്റെ മാത്രം സര്‍വ്വീസ് സെന്റര്‍ അല്ലിത്. ഇവിടെ എല്ലാ ക്യാമറയും സര്വവീസ് ചെയ്യും”
“ഇതിന്റെ ഉടമസ്ഥന്റെ നന്പറൊന്നു തരുമോ?”
അയാള്‍ തന്ന നന്പര് ഡയല് ചെയ്തപ്പോ എന്റെ കോണ്ടാക്ടിലെ പേര് കാണിക്കുന്നു. ഞാ൯ ഇന്നലെ മുതല്‍ വിളിക്കുന്ന അതെ നനപര്‍.
“നിങ്ങളവിടെ വെയിറ്റ് ചെയ്യുക ഞാ൯ ട്രാഫിക് കുരുക്കില്‍ പെട്ടുപോയി. ഇപ്പോ എത്തും”
ഇത്രയും പറഞ്ഞ് ഫോണ്‍ കട്ടായി.
റിസപ്ഷനിലിരുന്ന ആളോട് കാര്യം പറഞ്ഞ് ഞാനും ശ്യാമും കൂടി പുറത്തേക്കിറങ്ങി.
ഏതായാലും അയാളെ നേരിട്ടുകണ്ടിട്ടുതന്നെ കാര്യം. അതുമല്ല വെള്ളം കയറിയ ക്യാമറ സര്‍വ്വീസിന് കൊടുക്കാതെ വച്ചുകൊണ്ടിരുന്നിട്ട് കാര്യവുമില്ല.
പുറത്തിറങ്ങിയ ഞാ൯ ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയ ലിസ്റ്റിലെ രണ്ടാമത്തെയും മൂന്നാമത്തെയുമൊക്കെ നന്പറുകളില് വിളിച്ചെങ്കിലും അതൊന്നും സര്‍വ്വീസ് സെന്ററുകളായിരുന്നില്ല. ഏതായാലും വരുന്നേടത്തു വച്ചു കാണാം എന്നു തീരുമാനത്തില്‍ തിരികെ കയറിച്ചെന്നു.
ആ റിസപ്ഷ൯ കൌണ്ടറിനുപുറത്ത് നീലഷര്ട്ട്ധാരിയായ കുറിയ മനുഷ്യനിരിക്കുന്നു. അയാളുടെ ഇരിപ്പും റിസപ്ഷനിലിരുന്ന ചേട്ട൯ ആംഗ്യം കാണിച്ചു ഇതാണ് ആള്. ഞാ൯ അയാളുടെ അടുത്തേക്ക് ചെന്നു.
“കൊല്ലത്തു നിന്നും കഴിഞ്ഞ ദിവസം മുതല്‍ വിളിക്കുന്നത് ഞാനാണ്. പേര് മനു. ക്യാനന്റെ സര്‍വ്വീസ് സെന്ററ് ഓണ്‍ ലയനില്‍ സെര്‍ച്ച് ചെയ്തതിന്റെ കൂട്ടത്തില്‍ നിന്നാണ് നിങ്ങളുടെ അഡ്രസ് കിട്ടിയത്. ക്യാമറ വെള്ളത്തില്‍ വീണതാണ്. വീണ് ഉടനെതെന്നെ ബാറ്ററിയും മറ്റും മാറ്റുകയും പരമാവധി വെള്ളം പുറത്തുകളയുകയും ചെയ്തിട്ടുണ്ട്.”
“കാണിക്കൂ”
ക്യാമറയും ലന്സും ശ്യാം പുറത്തെടുത്തിരുന്നു. രണ്ടും കൂടി അയാളുടെ അടുത്തേക്ക് നിക്കിവച്ചു. ക്യാമറ എടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് വച്ചു. റിസപ്ഷനില്‍ നിന്ന ചേട്ടനോട് എന്തൊക്കെയോ ടൂള്‍സ് എടുത്തുകൊണ്ടുവരാ൯ പറഞ്ഞു. അതില്‍ പെട്രോളും ടിഷ്യൂ പേപ്പറും മാത്രം എനിക്കു മനസ്സിലായി. അയാള്‍ ക്യാമറ അഴിക്കാനാരംഭിച്ചു. ഞാ൯ കഥ പറയാനും.
“ചേട്ടാ ലോണെടുത്ത് വാങ്ങിയ ക്യാമറയായിരുന്നു. ഇതുമായി ഒരു പ്രൊജക്ടി൯ വേണ്ടി പോയതാണ്. എഗ്രിമെന്റും മറ്റും വയ്ക്കാതിരുന്നതുകൊണ്ട് അവര്‍ കാലുമാറി. കാനന്റെ സര്‍വ്വീസ് സെന്റര്‍ തിരക്കിയാണ് ഞാ൯ എറണാകുളത്തി൯ വന്നത്. പക്ഷേ ഇവിടെ വന്നപ്പോ അതല്ലാന്നാ അറിഞ്ഞത് വാറന്റി ഉള്ള ക്യാമറയാണ്. വെള്ളത്തില്‍ വീണാല്‍ പിന്നെ വാറന്റി ലഭിക്കുമോ?”
“ഇല്ലാ.”
ഒറ്റവാക്കിലുള്ള ഉത്തരമായിരുന്നു. പക്ഷേ അദ്ദേഹം തുടര്‍ന്നു.
“ഇത്തരം സര്‍വ്വീസുകളില്‍ വെള്ളം കയറിയ മുഴുവ൯ ഭാഗങ്ങളും അവര്‍ മാറും കൂടാതെ ദാ ഈ ബോഡി കണ്ടില്ലെ മെറ്റാലിക് ബോഡിയായിട്ട് പൊട്ടിയിരിക്കുന്നു. ഇതൊന്നും ഇതുപോലെ അവര്‍ തിരികെ തരില്ല. ബോഡി മുഴുവ൯ മാറും. മെയി൯ ബോര്‍ഡ് കൂടി മാറുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ക്യാമറയുടെ വിലയെക്കാള്‍ ഏറയാകും ശരിയക്കിയെടുക്കുന്നതി൯. ഇവിടെയാകുന്പോള് പരമാവധി റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാം അതുമല്ല ബോഡിയ്ക്ക് പ്രത്യേകിച്ച് കുഴപ്പമില്ലാത്തതുകൊണ്ട് ഇത് മാറാതെയും കഴിക്കാം.”
ആ നേരം കൊണ്ട് ക്യാമറ മുഴുവ൯ അയാള്‍ അഴിച്ചുകഴിഞ്ഞിരുന്നു. ക്യാമറായ്ക്ക് മുകളിലെ ഒരു ബോര്‍ഡ് അഴിച്ച് അതില്‍ മള്ടീമീറ്റര് ഉപയോഗിച്ച് എന്തോ പരിശേധിക്കുന്നത് കണ്ടു. അതായിരിക്കും അതിന്റെ പവ്വര്‍ യൂണിറ്റ്. ഷട്ടറും മറ്റും ഉള്ള ഏരിയായുടെ ഫോട്ടോ അയാളുടെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എടുക്കുന്നതും കണ്ടു. മാര്‍ക്കിംഗുകള്‍ മറന്നുപോകാതിരിക്കുന്നതിനായരിക്കും. ബോര്‍ഡുകളിലെ കോണ്ടാക്ടുകളിലെല്ലാം പെട്രോളൊഴിച്ച് ടിഷ്യൂപേപ്പര്‍ ഉപയോഗിച്ച് ഒപ്പി ഉണക്കുന്നുണ്ടായിരുന്നു.
ഇതൊക്കെ ഞാ൯ ശ്രദ്ധിക്കുന്നു എന്നു തോന്നിയതിനാലാകാം. ക്യാമറയില്‍ കിടന്ന മെമ്മറി കാഡ് ഉരി എനിക്ക് തന്നശേഷം ഈ കാര്‍ഡ് ഇനി ഉപയോഗിക്കണ്ടാ വെള്ളം കയറിയിട്ടുണ്ടാകും. ഇതും ബാറ്ററിയും സ്ട്രാപ്പും കയ്യില്‍ വച്ചുകൊള്ളുക. ക്യാമറ ഞാ൯ പോകുന്പോ അങ്ങ് കോട്ടയത്തിന് കൊണ്ടുപോകും. മുഴുവ൯ അഴിച്ച് ഉണക്കി പെട്രോളൊഴിച്ച് തുടച്ച ശേഷമേ ടെസ്റ്റ് ചെയ്യാനൊക്കൂ. ഒരാഴ്ച കഴിഞ്ഞ് വിളിക്കുക.
“ഒരു ക്യാമറാ വാങ്ങുന്ന ചെലവാകുമോ ചേട്ടാ ഇത് ശരിയാക്കാ൯?”
“മെയി൯ ബോര്‍ഡ് പോയിട്ടുണ്ടെങ്കില്‍ നല്ല വിലയാകും കാരണം പുതിയ മോഡലായതുകൊണ്ട് പഴയ ക്യാമറകളില്‍ നിന്നും ഇളക്കിയിടീല് നടക്കില്ല. കിറ്റ് വാങ്ങിയേപറ്റൂ. അല്ലെങ്കില്‍ വലിയ പണിയൊന്നുമുണ്ടാകില്ല. പവര്‍ സപ്ലളേ പോയിട്ടുണ്ട്.“
അയാളുടെ വാക്കുകള്‍ എനിക്കാശ്വാസമാണ് നല്‍കിയത്. മെയി൯ ബോര്‍ഡ് പോയിക്കാണാ൯ സാദ്ധ്യതയുണ്ടാകില്ല. ഒരു അയ്യായിരം രൂപയെങ്കിലുമാകുമായിരിക്കും സര്വ്വീസി൯ ഞാ൯ മനസ്സില കരുതി. ഈ ചേട്ടനെ കണ്ടപ്പോ മനസ്സില്‍ തോന്നിയത് തെറ്റായിപ്പോയി. നല്ല തങ്കപ്പെട്ട മനുഷ്യ൯. ഇത്രയുമാലോചിക്കുന്പോഴേയ്ക്കും അയാള്‍ തുടരന്നു.
“ഒരു 10% ത്തില്‍ താഴെ പ്രതീക്ഷ മതി. അതുതന്നെ കൂടുതലാണ്.”
ഇടിവെട്ടിയവനെ പാന്പുകടിച്ചൂ എന്നു പറഞ്ഞാമതി.
“അപ്പോ ഈ ലന്സിന്റെ കാര്യമോ?” ഞാ൯ ചോദിച്ചു.
അത് ക്ളീ൯ ചെയ്താമതിയാകും. മറ്റ് പ്രശ്നങ്ങളൊന്നും കാണില്ല.
“ക്യാമറ ശരിയാകുമോ എന്ന് എപ്പോ അറിയാ൯ കഴിയും?“
അങ്ങനെ ചോദിക്കാനൊരു കാരണമുണ്ടായിരുന്നു. ഒന്നും പറയുകയും ചോദിക്കുകയും ചെയ്യാതെയായിരുന്നു അയാള്‍ ക്യാമറാ വാങ്ങി അഴിച്ചത്. ചോദിക്കാതിരുന്നിട്ട് അവസാനം ക്യാമറയുടെ വില അയാള്‍ ചോദിച്ചാല്‍ എന്തു ചെയ്യും. അങ്ങനെയൊരു പേടി എന്നിലില്ലാതില്ലായിരുന്നു.
“രണ്ടു ദിവസം കഴിഞ്ഞു വിളിക്കുക. ക്യാമറ മുഴുവ൯ അഴിച്ച് ഹീറ്റ് ചെയ്തിട്ട് കോണ്ടാക്ട് ക്ലീനറും മറ്റും ഉപയോഗിച്ച് കഴുകിയെടുക്കണം. അതു കഴിഞ്ഞിട്ടേ പവ്വര്‍ സപ്ളേ കണക്ട് ചെയ്ത് ചെക്ക്ചെയ്യാനൊക്കുകയുള്ളൂ. അതുകൊണ്ടാണ് രണ്ടുദിവസം എടുക്കുന്നത്.”
അടുത്ത ദിവസം വൈകിട്ടു വിളിക്കാം എന്ന നിബന്ധനയില്‍ ക്യാമറ സര്വ്വീസിനെടുത്ത സ്ലിപ്പും വാങ്ങി ഞങ്ങള്‍ തിരികെ റയില്‍ വേസ്റ്റേഷനിലേയ്ക്ക് നടന്നു. വൈകുന്നേരത്തെ കൊല്ലം പാസഞ്ചറാണ് കിട്ടിയത് നിന്നു തിരിയാ൯ പോലും ഇടമില്ലായിരുന്നു. കോട്ടയമെത്തിയപ്പോഴേക്കും ലഗേജ് കാര്യിറില് കയറിപ്പറ്റാനായി. നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട് അവിടിരുന്നുറങ്ങിപ്പോയി. കൊല്ലം സ്റ്റേഷനിലേക്കെന്നെ എടുത്തിറക്കുകയായിരുന്നു ശ്യാം ചെയ്തത്. ബൈക്ക് ഗ്യാരേജിലെത്തിയപ്പോഴേക്കും മണി 9 ആയിരുന്നു. ശ്യാമിനെ പോകുന്ന വഴയിലിറക്കി തിരികെ വീട്ടിലെത്തി. അത്താഴം കഴിക്കാനും ആരോടും ഒന്നും പറയാനും നില്‍ക്കാതെ മുറിയില്‍ കയറി കതകടച്ചു. ഉറക്കമൊന്നും വരില്ലായിരുന്നുന്നെങ്കിലും കിടന്നു. ഇടയ്ക്കെപ്പഴോ ഉറങ്ങിപ്പോയി.
അടുത്തദിവസം രാവിലെ പതിവുപോലെ റഡിയായി ജോലിക്കുപോയി. സെക്രട്ടറിയോട് ക്യാമറ സര്വ്വീസി൯ കൊടുത്തവിവരവും 10%-ല്‍ താഴെയേയുള്ളു ശരിയാക്കാനുള്ള സാദ്ധ്യത എന്നുമറിയിച്ചു. അതുമല്ല പുറത്തുനിന്നും ക്യാമറ സംഘടിപ്പിച്ചതിന്റെ ബാദ്ധ്യത എനിക്കൊറ്റയ്ക്ക് തീര്ക്കാനാവുന്നതല്ല എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്നുകൂടി അറിയിച്ചു. അതു ചെയ്യാം അതിനുള്ള വകുപ്പുണ്ട്. ഞാ൯ പ്രസിഡന്റുമായി സംസാരിക്കാം എന്നദ്ദേഹം പറഞ്ഞു. അയാളുടെ പറച്ചിലില്‍ ഒരാത്മാര്ത്ഥതയുമില്ലായിരുന്നു.
ആവശ്യത്തിന് ഫോട്ടോകള്‍ കിട്ടാത്തതിനാല്‍ 2010-ലെ കലണ്ടര്‍ വര്‍ക്ക് അവതാളത്തിലാകുമെന്നുതോന്നിയതിനാല് ഞാ൯ പ്രാദേശികമായ ഫോട്ടോകളെടുക്കുന്നതി൯ ഒരു ദിവസം പോയിരുന്നു ചില പൂക്കളും ചെടികളും വില്‍ക്കുന്ന ഗാര്‍ഡനിലും മറ്റും. കുറച്ചു ചിത്രങ്ങളെടുത്തതും എന്റെ കയ്യിലും ചങ്ങാതിമാരുടെ കയ്യിലുമുണ്ടായിരുന്ന ചിത്രങ്ങള്‍ വച്ച് കലണ്ടര്‍ വര്‍ക്ക് എന്നാല്‍ കഴിയും വിധം ഭംഗിയാക്കി ഡയറക്ടര്‍ ബോര്ഡ്മിറ്റിംഗിന് മുന്‍പ് സമര്‍പ്പിച്ചു. ട്രിപ്പിന് പോകുന്നതിനു മുന്‍പുതന്നെ 10-ഓളം ഡിസൈനുകള്‍ തുടങ്ങിയിരുന്നത് ഫോട്ടോകള്‍ വച്ച് പൂര്ത്തിയാക്കുകമാത്രമേ വേണ്ടിയിരുന്നുള്ളു.
രണ്ടു ദിവസം കഴിഞ്ഞ് വിളിക്കാ൯ പറഞ്ഞെങ്കിലും മൂന്നാം ദിവസം പകല്‍ മാത്രമേ എനിക്കു സര്‍വ്വീസ് സെന്ററിലേക്ക് വിളിക്കാ൯ കഴിഞ്ഞുള്ളു.
“സര്, ഞാ൯ മനു. കൊല്ലത്തുനിന്നും വെള്ളത്തില്‍ വീണ ക്യാമറ കൊണ്ടുവന്ന”
“മനു. അത് ഒരുദിവസം താമസിച്ചല്ലേ കൊണ്ടുവന്നത് കോണ്ടാക്ടില് ചിലവ തുരുന്പു പിടിച്ച് തുടങ്ങിയരുന്നു. പിന്നെ ഷട്ടറിനടുത്തുള്ള ഒരു കോയില്‍ കരിഞ്ഞുപോയിട്ടുണ്ട്. കൂടാതെ പവ്വര്‍ സപ്ലേ പോയിട്ടുണ്ട്. അതു മാറണം. കോയില്‍ 40 ഡി യുടേത് മാറിയിടാം. തുരുന്പ് തല്ക്കാലം ക്ളീ൯ ചെയ്തിടാവുന്നതേയുള്ളൂ. നാളെ കഴിഞ്ഞ് വിളിക്കുക. അപ്പോള്‍ പറയാം.
“ലന്സിന്റെ കാര്യം എന്തായി”
“ലന്‍സ് റഡിയായിട്ടുണ്ട്, തിരികെ ഫിറ്റ് ചെയ്തപ്പോ ചെറിയൊരുപ്രശ്നം. നാളെ രണ്ടും റഡിയാകും”
ദിവസങ്ങള്‍ പിന്നെയും കടന്നുപോയിരുന്നു. ജോലിക്കു പോകാനൊരു താല്പര്യം തോന്നായ്ക. മനുഷ്യന്റെ ജീവ൯ പുല്ലുവിലപോലും കല്‍പ്പിക്കാത്ത സീനിയര്മാരുള്ളിടത്തേക്കെങ്ങനെ ജോലിക്കുപോകും. കുറച്ചുദിവസത്തേക്കു വരില്ല എന്നു സെക്രട്ടറിയെ വിളിച്ചുപറഞ്ഞു. അതിനിടയ്ക്ക് പ്രസിഡന്റുമായി ആലോചിച്ച് എനിക്ക് തിരികെക്കൊടുക്കാനുള്ള പണത്തി൯ എന്താണ് മാര്‍ഗ്ഗം എന്നു പറയണം. അങ്ങനെ ഒരാഴ്ച കടന്നുപോയി ഇതിനിടയ്ക്ക് കോട്ടയത്ത് വിളിച്ച് ക്യാമറയുടെ കാര്യങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. അയാള്‍ ഓരോ കാരണം പറഞ്ഞ് തള്ളിനീക്കിക്കൊണ്ടുമിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് അയാള്‍ എന്നെ തിരികെ വിളിച്ചു.
“ക്യാമറ റഡിയായിട്ടുണ്ട് ഇനി സെറ്റിംഗ് കൂടിയെയുള്ളു നാളെ വന്നാല്‍ കൊണ്ടുപോകാം.”
“ഞാ൯ നാളെ വിളിച്ചിട്ടുവരാം”
“വിളിക്കേണ്ട ആവശ്യമില്ല ഇങ്ങു വന്നാല്‍ മതി”
“സര്‍വ്വീസ് ചാര്‍ജ്ജ് എല്ലാം കൂടി എത്രരൂപയായി?” ഞാ൯ ചോദിച്ചു.
“ലന്‍സ് സര്‍വ്വീസ് ചാര്‍ജ്ജ് 2800 രൂപ കൂട്ടാതെ 26000 രൂപയുടെ സര്‍വ്വീസ് ആയിട്ടുണ്ട്. ഷട്ടറിനടുത്തുള്ള കോയില്‍ മാറുന്നതിനായി ഒരു പഴയ 40 ഡി ക്യാമറ വാങ്ങിയിരുന്നു. അതില്‍ നിന്നും പവ്വര്‍ സപ്ലളെയും ഇളക്കിയിട്ടു. പിന്നെ മറ്റുള്ള ചില സര്‍വ്വീസുകളും. ലന്‍സ് ഫിക്സ് ചെയ്തിട്ടില്ല.”
“ഞാ൯ വിളിച്ചിട്ടു വരാം”
ഫോണ്‍ വച്ചു കാരണം കൂടുതല്‍ സംസാരിച്ചിട്ട് കാര്യമില്ല. പണം കണ്ടെത്തണം. അതുമല്ലാ ഇയാളോട് കൂടുതല്‍ സംസാരിച്ച് വഷളാക്കിയാല്‍ ഉള്ളതുകൂടി ഇല്ലാതായാലോ. അങ്ങനെയൊരലട്ടലും ഇല്ലാതില്ലായിരുന്നു.
ഒരാഴ്ച ഞാ൯ അനങ്ങിയതേയില്ലാ. അയാള്‍ ഇടയ്ക്ക് വിളിക്കുമായിരുന്നു. പണം റഡിയായിട്ടില്ലാ ഞാ൯ വിളിച്ചിട്ടുവരാം എന്നു പറയും. എങ്ങനെ പണം കണ്ടെത്തും വീട്ടിലാണെങ്കില്‍ പറഞ്ഞിട്ടില്ല. പറയാനെനിക്കാകുമായിരുന്നില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാത്തൊരു ബിസിനസ് നിറുത്തി ഒരു ജോലിക്കു പോയതിന്റെ ആശ്വാസത്തിലായിരുന്നു വീട്ടുകാര്‍. അതിനിടയ്ക്ക് ഇതു പറഞ്ഞവരേ ഭയപ്പെടുത്താ൯ ഞാനാഗ്രഹിച്ചിരുന്നില്ല.
കടന്നുപോയ ഒരാഴ്ചകൊണ്ട് മനസ്സ് കുറെയൊക്കെ പാകപ്പെട്ടിരുന്നു. പാകപ്പെടാ൯ മറ്റൊരു കാരണവുമുണ്ടായിരുന്നു. കരാട്ടെ പഠിപ്പിക്കുന്ന മാസ്റ്ററെ കാണാ൯ ഞാനിതിനിടയ്ക്ക് പോയി. അദ്ദേഹത്തെ കാണണം എന്നൊരാഗ്രഹം തോന്നി.
“എന്താ വന്നത്”
“മാസ്റ്ററെ ഒന്നു കാണാ൯”
“കാണുകയോ?. എന്തെങ്കിലും വിശേഷം”
“മാസ്റ്ററെ എനിക്ക് ഈ കഴിഞ്ഞ ദിവസം ഒരപകടം പറ്റിയിരുന്നു. പാറയില്‍ നിന്നും തെന്നി വെള്ളത്തില്‍ വീണിരുന്നു”
“ഓഹ്! എന്നിട്ട്”
“എനിക്ക്ക്കൊന്നും പറ്റിയില്ലാ. സംഭവിച്ചേനെ ഒന്നുകൂടി തെന്നിപ്പോയിരുന്നെങ്കില് പിന്നെ മൂന്നാലാള് താഴ്ചയിലുള്ള കൊക്കയിലേക്ക് പോയെങ്കില്‍.”
“ഇപ്പോ എന്നേ കാണണം എന്നുതോന്നാ൯ കാരണം” മാസ്റ്റര്‍ ഇടയില്‍ കയറി ചോദിച്ചു.
“അത്രയും സംഭവങ്ങള്‍ നടന്നിട്ടും എനിക്ക് പതര്‍ച്ചയും മറ്റും തോന്നാതിരുന്നതി൯ കാരണം മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിരുന്നതുകൊണ്ടല്ലേ എന്നു തോന്നിയപ്പോ മാസ്റ്ററെ ഒന്നു കാണണം എന്നുതോന്നി”
കുറേക്കാലമായി പ്രാക്ടീസിന് പോകാതെ മുങ്ങി നടക്കുകയായിരുന്നു. തിരക്കിനെക്കാളും മടിയായിരുന്നു കാരണം. പക്ഷേ അന്നുമുതല്‍ ഞാനിത് ജീവിതചര്യാക്കിമാറ്റി. ഇടയ്ക്ക് മാസ്റ്റര്‍ പറയുന്ന ട്രയിനിംഗ് സെറ്ററുകളിലും ഞാ൯ പ്രാക്ടീസിന് പോകുന്ന ഹോം ഡോജോ (ട്രയിനിംഗ് ഗ്രൌണ്ട്) യിലും ക്ളാസെടുമായിരുന്നു. അങ്ങനെ പതിയെ ഞാ൯ പഴയതിലും നല്ല മാനസ്സികാവസ്ഥയിലേക്കെത്തിച്ചേരന്നു.
പണം കണ്ടെത്തണം അതിന് ഞാനാലോചിച്ചിട്ട് ഒരു വഴിയെയുള്ളൂ ആവശ്യത്തിനുള്ള പണം പലിശയ്ക്ക് കടം വാങ്ങണം. പണമുണ്ട് എന്റെ ബാങ്കക്കൌണ്ടില് അവിടുന്ന് പണമെടുക്കുക പ്രയാസമായിരുന്നു. ആ സഹകരണ ബാങ്കിലെ അക്കൊണ്ടന്റ് എന്റെ കുഞ്ഞമ്മയായിരുന്നു എന്നതാണ് കാരണം. അങ്ങനെ ഒരുമാസത്തെ അവധിയില്‍ നല്ലൊരു തുക കടം വാങ്ങി അതുമായി കോട്ടയത്തിന് യാത്ര തിരിച്ചു.
ഒറ്റയ്ക്കായിരുന്നു യാത്ര. ദുഃഖങ്ങളില്‍ നീയൊറ്റയ്ക്കാണ് എന്നോര്മ്മിപ്പിക്കുന്നതായിരുന്നു ആ യാത്ര. ചങ്ങാതിമാരൊരുപാടുണ്ടായിരുന്നിട്ടും ഒരാവശ്യത്തിന് ആരെയും കിട്ടിയില്ല. രണ്ടു വശത്തെയും കൂടി ദൂരം 240 കിലോമീറ്ററുണ്ടായിരുന്നു. അങ്ങോട്ടുള്ള ദൂരം എനിക്കൊരു പ്രശ്നമേയല്ലായിരുന്നു. മഴനന്നേ ചാറുന്നുണ്ടായിരുന്നു. ഒന്പതുമണിയായപ്പോഴേക്കും അവിടെയത്തി. മുകളിലത്തെ ഫ്ളോറിലെ കോഫിഹൌസില്‍ പോയി ഒരു ചായ കുടിച്ച് താഴെയത്തി കൌണ്ടറില്‍ സ്ലിപ് കൊടുത്തു. എറണാകുളത്തു കണ്ടപോലെയായിരുന്നില്ല വിശാലമായ ഓഫീസ് നിറയെ ക്യാമറയും മറ്റുപകരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മെയി൯ പാസേജിന്റേ നേരെ തന്നെ അകത്ത് ഒരു വാതല് അതിലൂടെയാണ് സര്‍വ്വീസ് റൂമിലേയ്ക്ക് പോകുന്നത്. സ്ലിപ്പ് വാങ്ങിയ പയ്യ൯ അകത്തേക്ക് പോയി. തിരികെ എന്റെ ക്യാമറയും ലന്സുമായി പുറത്തേക്ക് വന്നു കൂടെ ലബ്ബാസ് സാറും.
“ഒക്കേം ശരിയായിട്ടുണ്ട്. കുറച്ചുപയോഗിച്ചിട്ട് കിട്ടുന്നവിലയ്ക്ക് കൊടുത്തേക്കുക വച്ചുകൊണ്ടിരിയ്ക്കേണ്ട.”
വാങ്ങിയ വിലയുടെ ഇരട്ടിയോളം ചെലവായത് കുറച്ചുപയോഗിച്ചിട്ട് കിട്ടുന്ന വിലയ്ക്ക് കൊടുത്തേക്കാ൯ ഉപദേശം. സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങിയിട്ട് രക്ഷപെടാനുള്ള പഴുതുണ്ടാക്കി വയ്ക്കുകയായിരുന്നു അയാള്‍.
ക്യാമറ വാങ്ങി തിരിച്ചും മറിച്ചും പരിശോധിച്ചു. പോപ്പപ് ഫ്ളാഷ് ഓപ്പണാകുന്നില്ല. മറ്റ് പ്രശ്നങ്ങളൊന്നും കാഴ്ചയില്‍ തോന്നിയില്ല. കുറച്ച് ചിത്രങ്ങളെടുത്ത് പ്രശ്നങ്ങളൊന്നും ഇപ്പോ കാണുന്നില്ല. പക്ഷേ പോപ്പപ് ഫ്ലാഷ് പ്രശ്നമുണ്ട് അതു നോക്കണം.
അയാള്‍ ക്യാമറയും വാങ്ങി അകത്തേക്കു പോയി.
“ഇത് ശരിയാക്കണമെങ്കില്‍ ക്യാമറ മുഴുവ൯ അഴിക്കണം. ഇനിയെന്തിനെങ്കിലും അഴിക്കുന്പോള് ശരിയാക്കിയാല്‍ പോരെ” അയാള്‍ തിരികെ വന്ന് പറഞ്ഞു.
ഞാ൯ സമ്മതിച്ചു. തിരികെ പോകാനുള്ള ദുരം മനസ്സിലുള്ളതിനാല്‍ അയാള്‍ അഴിച്ചു സെറ്റ് ചെയ്തുവരുന്പോഴേക്കും സമയം ഒരുപാടാകുമല്ലോ എന്നോര്‍ത്താണ് വീണ്ടും അഴിപ്പിക്കേണ്ടെന്നു വിചാരിച്ചത്. അഴിപ്പിക്കാനാണെങ്കില് വ്യൂഫൈന്ഡറിലും എല്‍ സിഡിയുടെ ഉള് ഭാഗത്തുമൊക്കെ വെള്ളം തുടച്ചതിന്റെ അടയാളമുണ്ടായിരുന്നു. ലന്സിന് പഴയപോലെ ഫോക്കസിംഗ് ശരിയാകുന്നില്ലയോ എന്നൊരു സംശയം അയാളോട് ചോദിച്ചു.
“ലന്‍സ് അഴിച്ചു ഫിറ്റ് ചെയ്താല്‍ ഇങ്ങനെ സംഭവിക്കാറുണ്ട്”
അയാളുടെ മറുപടി അതായിരുന്നു. എന്തുചെയ്യും ഒന്നും പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇയാളുടെ കയ്യില്‍ തലവച്ചുകൊടുത്തത് ഞാ൯ തന്നെയല്ലേ.
അയാള്‍ ചോദിച്ച മുഴുവ൯ സര്വ്വീസ്ചാര്ജ്ജും കൊടുത്തു. കുറേ നേരം നിന്നിട്ടും റസീപ്റ്റ് തരുന്ന ലക്ഷണം കണ്ടില്ലാഞ്ഞതിനാല് ഞാ൯ ചോദിച്ചു.
“പണം വാങ്ങിയതിന് സ്ലിപ്പും റസീപ്റ്റും ഒന്നുമില്ലേ. ഇതിനൊക്കെ ഒരു കണക്കൊക്കെ വേണ്ടേ?”
“അങ്ങനെയൊരു പതിവില്ല”
എനിക്കു റസീപ്റ്റ് കിട്ടിയെ പറ്റുള്ളായിരുന്നു ഒക്കേത്തിനും ഒരു കണക്കുവേണ്ടേ. അയാള്‍ പിടിവാശിയില്‍ തന്നെ നിന്നു. അവസാനം നടത്തിയ സര്‍വ്വീസിന്റെ വിവരണങ്ങള്‍ എഴുതിതന്നാലും മതി എന്നായി ഞാ൯. അതു ചെയ്തു തന്നു. സര്വ്വീസിനെടുത്ത സ്ലിപ്പിനടിയില് എന്തൊക്കെയൊ കുത്തിക്കുറിച്ചു തന്നു. ആ സ്ലിപ്പില്‍ ഏകദേശ സര്‍വ്വീസ് ചാര്‍ജ്ജ് അന്ന് രേഖപ്പെടുത്തിയതുണ്ടായിരുന്നു അതിന്റെ മൂന്നിരട്ടിയില്‍ കൂടുതല്‍ ഇപ്പോള്‍ കൊടുത്തിരുന്നു. ഒക്കെ കഴിഞ്ഞ് തിരികെയിറങ്ങിയപ്പോ മണി പത്തു കഴിഞ്ഞിരുന്നു.
മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നെങ്കിലും കാത്തുനില്ക്കാ൯ നേരമില്ലായിരുന്നു. ഒരു പ്ളാസ്റ്റിക് കവര്‍ കരുതിയിരുന്നതില്‍ ക്യാമറാബാഗ് തിരുകി കയറ്റി. വിശപ്പിന് പരിഹാരം കണ്ടില്ലെങ്കില്‍ തിരികെപോകുന്നവഴിയ്ക്ക് മരവിച്ചെവിടെയെങ്കിലും വിഴുമായിരുന്നു. മുകളിലെ കോഫീ ഹൌസിലേക്കു പോയി ആഹാരം കഴിച്ചിറങ്ങിയപ്പോഴേയ്ക്കം മഴയുടെ ശക്തികുറഞ്ഞിരുന്നു.
തിരികെയുള്ളയാത്ര അത്ര സുഖകരമായിരുന്നില്ല. ജാക്കറ്റി൯ പുറത്തുള്ള കൈയ്യും മുഖവും മരവിച്ചുപോയിരുന്നു. ഠൌണില്‍ നിന്നുമൊരുപാടകലെയെത്തിയിരുന്നു. ഇരുവശവും പാടത്തി൯ നടുവിലൂടെയുള്ള വിജനമായ പാത. ഒരു മനുഷ്യജീവിപോലും അവിടെയെങ്ങുമില്ല. വളരെ നേരത്തെ ഇടവേളകളിലാണ് അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങള്‍ പോകുന്നത് അതും നല്ല വേഗതയില്‍. ഞാനും ബൈക്കി൯ വേഗം കൂട്ടി. ഒരു ലോറിയുടെ പിന്നലെ ഒടിച്ചു ഒപ്പമെത്താനായില്ലെങ്കിലും ഒരു വാശിയിലെന്നപോലെ ഓടിച്ചു. അതിന്റെ ടെയില്‍ ലൈറ്റ് നോക്കിയാണ് ഓടിച്ചിരുന്നത് അത് കണ്ണില്‍ നിന്നു മറഞ്ഞു പോയതോടെ എന്റെ വേഗവും കുറഞ്ഞു.
ഓടിച്ചു പോകുന്ന വഴി പരിചയമില്ലാത്തപോലെ തോന്നുന്നു. ആരോടെങ്കിലും ചോദിക്കാം എന്നു കരുതിയാല്‍ ആരുമില്ല. ഒരു കടയുടെ ചരിപ്പിറക്കിയിരിക്കുന്നതിലേയ്ക്കോടിച്ച് കയറ്റി ജാക്കറ്റിനുള്ളില്‍ നിന്നും മൊബൈലെടുത്ത് ഗൂഗിള്‍ മാപ്പ് വിളിച്ച് ലൊക്കെഷ൯ നോക്കി. കൊല്ലത്തേക്ക് പോകുന്ന വഴിതന്നെയാണ്. പക്ഷേ വന്നവഴിയുള്ള പോയിന്റുകളല്ല ഇനി കാണിക്കുന്നത്. കുറേക്കൂടി പിന്നിലേക്ക് നോക്കി. അതെ പത്തിരുപത് കിലോമിറ്റര്‍ മുന്നേ വഴി തെറ്റിയിരിക്കുന്നു. ആ ലോറിയുടെ പിന്നാലെ ഓടിച്ചു പോന്നതുകൊണ്ട് സംഭവിച്ചതാണ്. ഇപ്പോ പോകുന്ന ദിശയിലേക്ക് പോയാലും അവിടെയെത്തും ഇനിയും 30 കിലോമീറ്ററോളം അധികം ഓടിച്ചാലെ കൊട്ടരക്കരയെത്തുള്ളു. എതായാലും മുന്നിലേക്കുതന്നെ ഓടിയ്ക്കാം എന്നു തീരുമാനിച്ചു.
കുറേക്കൂടി മുന്നിലെത്തിയപ്പോള്‍ അടയ്ക്കാ൯ തയ്യാറെടുക്കുന്നൊരു തട്ടുകട കണ്ണില്‍ പെട്ടു.
“ഹായ് തട്ടുകട”
അറിയാതെ പറഞ്ഞുപോയി
“ചേട്ടോ കടുപ്പത്തിലൊരു ചായ”
ഒരു ചായ കുടിച്ചിട്ടൊന്നും ഏല്ക്കുന്നില്ലായിരുന്നു. രാവിലെ ഉണ്ടാക്കിവച്ച് മരവിച്ചുപോയ ഒരു പരിപ്പുവട എടുത്ത് കടിച്ചുകൊണ്ട് വീണ്ടും ഒരു ചായ കൂടി ഓര്‍ഡര്‍ ചെയ്തു.
“ചേട്ടോ ഈ കൊട്ടാരക്കരയ്ക്ക് പോകുന്നത് ഇതിലേയല്ലേ?”
“അനിയ൯ എവിടുന്നാ വരുന്നത്?”
ഒരു ചോദ്യത്തിനുത്തരം മറുചോദ്യം.
“കോട്ടയത്തുനിന്നും വരുന്നു”
“ഇതുവഴിയും പോകാം, പക്ഷേ കോട്ടയത്തുന്നു വരുന്നയാള്‍ പക്ഷേ ഇവിടെ വരേണ്ട കാര്യമില്ലായിരുന്നു. പത്തിരുപത് കിലോമീറ്റര്‍ മുന്നേ തിരിഞ്ഞ് പോകണമായിരുന്നു. ഇനിയിപ്പോ ഇതിലേ തന്നെ പോയാല്‍ മതി. അല്പം ദൂരക്കൂടുതലുണ്ട്. വഴിയും അല്പം മോശമാണ്.”
ചായയ്ക്ക് പണം കൊടുത്ത് ഞാ൯ വീണ്ടം യാത്രയായി. കൊട്ടാരക്കയെത്തിപ്പോഴേക്കും മണി രണ്ടരയായിരുന്നു. മഴയുടെ ശക്തി ഒട്ടം കുറവില്ലായിരുന്നു. സ്ഥിരം പെട്രോളിടിയ്ക്കുന്ന പന്പില്‍ കയറി പെട്രോള്‍ നിറച്ചു. ഹെല്‍മറ്റും ജാക്കറ്റും അഴിച്ച് ബൈക്കില്‍ ഭദ്രമായി വച്ചു. ഇനിയുള്ള ദുരം നനയുകതന്നെ. അങ്ങനെ നനഞ്ഞൊലിച്ച് തണുത്ത് വിറച്ച് വീട്ടിലെത്തിയപ്പോ മണി മൂന്നര. പോര്‍ച്ചിലേയ്ക്ക് ബൈക്ക് കയറ്റിവച്ച് ഗേറ്റടച്ച് വന്നു. പുറത്തുനിന്നും തുറക്കാവുന്നതായിരുന്നു എന്റ മുറി നനഞ്ഞ തുണികള്‍ പുറത്തുനിന്നെ അഴിച്ചുവച്ച്. ഒരു ട്രാക്സ്യൂട്ടിന്റെ ലോവര്‍ എടുത്തിടുന്നതുവരെ എനിക്കു ബോധമുണ്ടായിരുന്നു. അടുത്ത ദിവസം കതകില്‍ മുട്ടുകേട്ടാണ് എഴുന്നേല്‍ക്കുന്നത്.
മുട്ടു കേട്ടാല്‍ ആദ്യം നോക്കുന്നത് സമയമാണ്. മണി 10 ഇതുവരെ ഇവര്‍ വിളിക്കാതിരുന്നതെന്തായിരിക്കും. ഇന്നു ഞായറാഴ്ചയാണല്ലോ. എഴുന്നേറ്റ് പുറത്തു വരാന്തയില്‍ വന്നിരുന്നു. എന്റെ ഔട് ഹൌസും വീടും തമ്മില്‍ ഒരു മുറ്റത്തിന്റെ അകലമുണ്ട് ഈ വരാന്തയിലിരുന്നാല്‍ വീടിനുള്ളിലെ ഇടനാഴിയിലൂടെ മുന്നിലെ മുറ്റവും കാണാം. മനസ്സിനൊരാശ്വാസമുണ്ടായിരുന്നതിനാല് കുറേനേരം അങ്ങനെയിരുന്നു.
മൊബൈല്‍ ചിലയ്ക്കുന്നതുകേട്ടാണ് സ്വപ്നലോകത്തുനിന്നുണര്ന്നത്.
“കോട്ടയത്തുപോയിരുന്നു ഇന്നലെ രാത്രി വൈകിയാ വന്നത് അതാ ഫോണെടുക്കാതിരുന്നത്”
ഒന്നു നിറുത്തി വീണ്ടും ഞാ൯ തുടര്‍ന്നു.
“ഒരുപാട് പണം അയാള്‍ വാങ്ങി”
പറഞ്ഞുതീര്‍ക്കാനുള്ള ഇടം എനിക്കു കിട്ടിയില്ല.
“അവിടെ ചടഞ്ഞുകൂടിയിരിക്കാതെ ഠൌണിലേക്കിറങ്ങുക, ഞങ്ങളൊക്കെ ഇവിടെയുണ്ട്”
ഒരു ചങ്ങാതിയായിരുന്നു വിളിച്ചത്. പെട്ടന്ന് റഡിയായി ഠൌണിലെ സ്ഥിരം ക്യാന്പോഫീസിലേക്ക് പോയി.
“കല്ലട ജലോത്സവം ഇന്ന് വൈകിട്ടാണ്, നമുക്കൊരു വള്ളം അറേഞ്ച് ചെയ്തിട്ടുണ്ട്”
ബിജു അണ്ണനാണ് ഇത്രയും പറഞ്ഞ് നിറുത്തിയത്.
അന്നു വൈകിട്ടായിരുന്നു കല്ലട കായലിലെ ജലോത്സവവും വള്ളം കളി മത്സരവും. ഫോട്ടോയെടുക്കാനും കാണുന്നതിനും മീഡിയായ്ക്ക് പ്രത്യേക വള്ളം ഏര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നു. അതിനു ചെല്ലാനുള്ളക്ഷണം ഞാന്‍ അംഗീകരിച്ചു. ഒരു വലിയ വള്ളമായിരുന്നു നിറയെ വീഡിയോ ക്യാമറകളും സ്റ്റില്‍ ക്യാമറകളും. ഒരിക്കല്‍ വെള്ളത്തില്‍ വീണതിന്റെ ഭീതി എന്നിലപ്പോഴുമുണ്ടായിരുന്നു. വള്ളം കളിയുടെ കുറേ ഫോട്ടോകളെടുത്തു.
ക്യാമറയുടെ കടം വീട്ടണം. ഒരു വീട്ടിലറിയിക്കാതെയുള്ള ഒരു മാര്‍ഗ്ഗം ഞാ൯ പ്ളാന്‍ ചെയ്തു ലാപ്ടോപ്പും ക്യാമറകളില്‍ ഒന്നും കിട്ടുന്ന വിലയ്ക്ക് കൊടുക്കുക. ശരിയാക്കിക്കൊണ്ടുവന്ന സെമി പ്രോ എസ്.എല്‍.ആര്. ക്യാമറ കൊടുക്കാനുള്ള മനസ്സ് എനിക്കില്ലായിരുന്നു.
അങ്ങനെ ഓണ്‍ ലയനില്‍ പരസ്യങ്ങളിട്ടു. ചെന്നൈക്കാര൯ ഒരു പയ്യ൯ വന്ന് ക്യാമറ വാങ്ങിക്കോണ്ട് പോയി. വാങ്ങിയപ്പോ ചെലവായ തുകയുടെ പകുതിപോലും കിട്ടിയില്ല. പണം തിരികെ കൊടുക്കുന്നതിനേക്കാള്‍ ആവശ്യമുള്ളതായിരുന്നു ഒരു മൊബൈല്‍ വാങ്ങുകയെന്നത്. അച്ഛന്റെ മൊബൈലായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. ഹാര്‍ഡ് വെയര്‍ ചെയ്യുന്ന ഒരു ചങ്ങാതി ഒരാളെയും കൊണ്ടുവന്ന് ലാപ്പുകൂടി വാങ്ങിക്കോണ്ട് പോയി. അങ്ങനെ കൊടുത്തു തീര്‍ക്കാനുള്ള പണത്തിന്റെ ആദ്യ ഗഡു കൊടുത്തു.
ആരോടും ബാദ്ധ്യതകള്‍ സൂക്ഷിക്കരുത് എന്നുണ്ടായരുന്നതുകൊണ്ടും സംഭവങ്ങള്‍ ഇനിയും മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്നുതോന്നിയതുകൊണ്ടും അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു.
“അന്നുതന്നെ നിനക്കിത് പറയാമായിരുന്നു”
എന്നുമാത്രമേ അച്ഛ൯ എന്നോട് പറഞ്ഞുള്ളു. ആ വാക്കുകളിലുണ്ടായിരുന്നു അച്ഛനെന്നോട് പറയാനുള്ളത് മുഴുവ൯.
“അവ൯ കൊച്ചനിയന്റെ മോനല്ലേ. അവനങ്ങനെയേ ചെയ്യുള്ളൂ” കൊച്ചനിയ൯ അച്ഛന്റെയൊപ്പം സ്കൂള്‍ ടീച്ചേഴ്സ് അസോസിയെഷനിലുണ്ടായിരുന്ന സഹ അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ മകനായിരുന്നു ഞങ്ങളുടെ സ്ഥാപനത്തിന്റെ സെക്രട്ടറി.
“പിന്നെ നിന്റെ പ്രസിഡന്റ്........”
അച്ഛ൯ പറഞ്ഞ ഉപമ ഇവിടെ പറയാനൊക്കില്ല.
അങ്ങനെ ബാങ്കില്‍ നിന്നും പണമെടുത്ത് മുഴുവന്‍ കടങ്ങളും വീട്ടി.
എന്റെ സ്വഭാവത്തിലും കാഴ്ച്ചപ്പാടുകളിലും വ്യക്തികളോടുള്ള സമീപനത്തിലും ഒക്കെയും സമൂലമായ മാറ്റവരുത്തി. എന്റെയും കുടുംബത്തിന്റെയും സ്വസ്ഥതയും പണവും ഒരുപാട് നഷ്ടപ്പെടുത്തി ആ കറുത്ത വ്യാഴാഴ്ചയും ക്യാമറ റിപ്പയറിംഗും അവസാനിച്ചല്ലോ എന്ന സന്തോഷത്തില്‍ ഒരുമാസം മാസം കടന്നുപോയി.
*******
2010 ജനുവരിയിലെ തിങ്കഴളാഴ്ച. ആവര്‍ഷത്തെ കലണ്ടര്‍ സീസണ് എന്നേ നോവിച്ച് കടന്നുപോയി. ഇത്രയുമൊക്കെ സംഭവിച്ചെങ്കിലും എന്റെ കളക്ഷനില്‍ നിന്നും നല്ല 100 ഓളം ചിത്രങ്ങളുപയോഗിച്ചു തന്നെ കലണ്ടര്‍ വര്‍ക്കുകളെല്ലാം ഭംഗിയായി അവസാനിച്ചു. ഓണ്‍ ലയ൯ ഇമേജ് സൈറ്റുകളില്‍ ആയിരം രൂപ മുതല്‍ പതിനയ്യായിരും രൂപ വരെ വിലയിട്ടിട്ടുള്ള ചിത്രങ്ങളാണ് സൌജന്യമായി നല്‍കിയത്.
ക്യാമറ ശരിയാക്കിയത് എന്നേക്കാള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തിയത് അതിന്റെ പഴയ ഉടമസ്ഥനാണ്. ഇടയ്ക്കിടയ്ക്ക് അവനോരോ ട്രിപ്പുകള്‍ പ്ലാന്ചെയ്തിട്ട് വന്ന് ക്യാമറ എടുത്തുകൊണ്ട് പോകുമായിരുന്നു. ഒരാഴ്ചത്തെ രാജസ്ഥാ൯ ട്രിപ്പ് പോകുന്നതിന് അവ൯ എന്നെയും ക്ഷണിച്ചു. തല്ക്കാലം യാത്രകള്‍ വേണ്ട എന്നുതീരുമാനിച്ചിരുന്നതിനാല് സ്നേഹപൂര്‍വം ഞാനത് നിരസിച്ചു. അവ൯ ക്യാമറയും ലന്സുകളും മറ്റും കൊണ്ടുപോയി. അവിടെയെത്തി രണ്ടാം ദിവസം അവനെന്നേ വിളിച്ചു ക്യാമറ ഓണാകുന്നില്ല എന്തു ചെയ്യും. അത് ബാറ്ററിയോ മറ്റോ തീര്ന്നതായിരിക്കം നീ നോക്കുക. ഇത്രയും പറഞ്ഞ് ഞാനാഫോണ് വിളി അവസാനിപ്പിച്ചു. എനിക്കു ടെന്‍ഷനായി.
“വീട്ടിലിരുന്ന ക്യാമറയും എടുത്തുപോയിട്ട് ഇപ്പോ ഓണാകുന്നില്ല എന്നു പറയുന്നതെന്ത്”
ഒരാഴ്ചത്തെ ട്രിപ്പ് മൂന്ന് ദിവസം കൊണ്ടവസാനിപ്പിച്ച് അവ൯ മടങ്ങിവന്നു. തിരികെ വരുന്ന വഴി കാനന്റെ പ്രൈം സര്‍വ്വീസ് സെന്റര്‍ കണ്ടത്തി അവടി കൊണ്ടു കാണിച്ചു. ക്യാമറയുടെ പവ്വര്‍ സപ്ലേ പ്രോബ്ളമാണ്. ശരിയായി കിട്ടണമെങ്കില്‍ ഒരാഴ്ചയെങ്കിലുമെടുക്കം. ക്യാമറ അവിടെ കൊടുത്ത് മുഴുവനായി പരിശോധിപ്പിച്ചു. ക്യാമറയുടെ ഒര്ജ്ജിനല് പാര്‍ട്സുകള്‍ തന്നെയാണ് അതിലുള്ളത് എന്തിനേറെ സ്കാ൯ ക്യാമറയില്‍ മാറിയെന്നുറപ്പിച്ച് പറഞ്ഞിരുന്ന പവ്വര്‍ സപ്ളേപോലും. അയാള്‍ വെറും പൊടിതൊടപ്പും വെള്ളം ഒപ്പിയെടുക്കലും മാത്രമേ ചെയ്തിട്ടുള്ളു. എന്തെങ്കിലും ആക്സിഡന്റ് സംഭവിക്കുന്പോള്‍ പുതിയ ഇലക്ട്രോണിക് സാധനങ്ങളിലൊക്കെ ഉണ്ട്കുന്ന സെല്‍ഫ് പ്രൊട്ടക്ഷനാണ് പവ്വര്‍ സപ്ലേ ഓഫാകുക എന്നത്. പിന്നീട് ആ ഷോട്ട് മാറ്റി റീസെറ്റ് ചെയ്താലെ ഓണാകുകയുള്ളു. മിക്കവാറും അതുതന്നെയായിരിക്കം ഈ ക്യാമറയിലും സഭവിച്ചത്. ക്യാമറ അവടെ സര്‍വ്വീസിന് കൊടുക്കാതെ അവ൯ തിരികെ പോന്നു.
ഒരു ലക്ഷത്തിനടുത്ത് ചെലവാക്കിയ ക്യാമറ വീണ്ടം കാഴ്ചവസ്തുവായി. ഇത് പക്ഷേ നിസ്സാരമായി ഉപേക്ഷിക്കാവുന്നതായിരുന്നില്ല. അയാളെ കൊല്ലത്തിനു വരുത്തി നേരില്‍ കാണാ൯ തീരുമാനിച്ചു.
അയാള്‍ തന്ന മൊബൈല്‍ നന്പറില്‍ വിളിച്ചിട്ട് സ്വിച്ചോഫ്. അവസാനം കൊല്ലം സര്‍വ്വീസ് സെന്ററില്‍ പോയി തിരക്കി. അയാള്‍ നാട്ടിലില്ലാ എന്നാണറിയാ൯ പറ്റിയത്. അവിടെ സര്വ്വീസെടുക്കുന്ന ഒരു പയ്യനായിരുന്നു ഉണ്ടായിരുന്നത്. അവനോട് കാര്യങ്ങളുടെ ഗൌരവം ചോരാതെ അവതരിപ്പിച്ചു. മുതലാളി വരുന്പോള്‍ വിളിക്കാ൯ പറഞ്ഞ് എന്റെ നന്പറ് കൊടുത്തു മടങ്ങി. രണ്ടുദിവസത്തേക്കു കൂടി ആനന്പറില് വിളിച്ചിട്ടു കിട്ടിയില്ല.
അതിനടുത്തദിവസം മറ്റൊരു ഫോണില്‍ നിന്നും വിളിച്ചു.
“ലബ്ബാസ് സാറല്ലെ?”
“അതെ”
“ഒരു ക്യാമറ സര്‍വ്വീസ് ചെയ്യാനുണ്ട്”
“എവിടെനിന്നാണ് വിളിക്കുന്നത്?”
“കൊല്ലത്തുനിന്നാണ്, ക്യാമറ ഓഫായിപ്പോയി, എസ്.എല്‍.ആര്. ആണ്.”
“കൊല്ലത്ത് സര്‍വ്വീസ് സെന്റര്‍ ഉണ്ടല്ലോ അവിടെ കൊടുത്താല്‍ മതി, ശരിയായിട്ട് വിളിച്ചുപറയും അപ്പോ വന്ന് വാങ്ങിയാമതി.”
അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
വീണ്ടും വിളിച്ചു
“സാറിനെ നേരിട്ട് കാണണം, എന്നാണ് കൊല്ലത്തുവരുന്നത്.”
“വ്യാഴാഴ്ച അഞ്ചുമണിമുതല്‍ ഞാ൯ കൊല്ലത്തുണ്ടാകും”
“അങ്ങനെയെങ്കില്‍ വ്യാഴാഴ്ച നേരില്‍ കാണാം”
ആ ടെക്നിക്കേറ്റു. അടുത്ത വ്യാഴാഴ്ച ഞങ്ങള്‍ നാലരയ്ക്കുതന്നെ ലബ്ബാസിന്റെ കൊല്ലം ഓഫീസില്‍ കാത്തിരുന്നു. പക്ഷേ അയാള്‍ വന്നില്ല. പയ്യ൯ വിളിച്ചു പറഞ്ഞിട്ടുണ്ടാകും.
അയാളെ എന്റെ നന്പറില്‍ നിന്നും, അന്നു വിളിച്ച രണ്ടാമത്തെ നന്പറില്‍ നിന്നും വിളിച്ചെങ്കിലും ഫോണ്‍ എടുക്കുന്നില്ലായിരുന്നു. അവസാനം അയാളുടെ ഓഫീസ് നന്പറില്‍ നിന്നും വിളിപ്പിച്ചു. അതയാള്‍ എടുത്തു.
“ഇനി താങ്കളുള്ളിടത്തേക്ക് ഞ്ഞങ്ങള്‍ വരാം” ഇത്രയും പറഞ്ഞ് ഫോണ്‍ വച്ചു.
റസിപ്ഷനിലിരുന്ന പയ്യനോട് പറഞ്ഞു.
“ഞങ്ങള്‍ പോകുന്നു. പ്രശ്നങ്ങള്‍ ഇവിടെ തുടങ്ങും, ഒരു വഴക്കം പ്രശനങ്ങളും തുടങ്ങുക എന്ന ഉദ്ദേശം ഞങ്ങളിലിലായിരുന്നു. നിങ്ങളുടെ മുതലാളി പക്ഷേ പ്രശ്നങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.”
അവിടെനിന്നും ഇറങ്ങി.
റോഡിലെത്തിയപ്പോള്‍ എന്റെ നന്പറില്‍ ലബ്ബാസിന്റെ ഫോണ്‍ വന്നു.
“നിങ്ങളുടെ സൌന്ദര്യം കാണാനല്ല നേരില്‍ കാണണമെന്നുപറഞ്ഞത്. നിങ്ങളെന്നില്‍ നിന്നും വാങ്ങിയ പണം മുഴുവ൯ എനിക്കു തിരികെ കിട്ടണം. അല്ലാത്തപക്ഷം ഈ ക്യാമറ പൂര്ണ്ണാമായി ശരിയാക്കിത്തരണം.”
“ഞാ൯ അന്നേ പറഞ്ഞിരുന്നില്ലേ ഇതു വീണ്ടും പ്രശ്നമാകുമെന്ന്”
“ഓഹോ, സംസാരം ഇവിടെ നിറുത്താം നമുക്ക് നേരിട്ട് കാണാം”
ഞാ൯ ഫോണ്‍ വച്ചു.
ഞാനും രണ്ടു ചങ്ങാതിമാരും കൂടി കോട്ടയത്തിന് പോയി അയാളുടെ ഹെഡോഫീസില്‍. ഒരുദിവസം പോയിക്കിട്ടിയെന്നല്ലാതെ അയാളെ കാണാ൯ പറ്റിയില്ല. അവിടെ സര്‍വ്വീസ് എടുക്കുന്ന പയ്യനെ കസ്റ്റമേഴ്സിന്റെ സാന്ന്ദ്ധ്യത്തില് തന്നെ കാര്യങ്ങള്‍ വ്യക്തമായി തെളിവുകള്‍ സഹിതം പറഞ്ഞുകേള്‍പ്പിച്ചു. നിയമപരമായി നീങ്ങുന്നതിന് എന്തെങ്കിലം തടസ്സവാദങ്ങളുണ്ടെങ്കില്‍ അറിയിക്കുക എന്നു പറഞ്ഞ് ഞങ്ങള്‍ അവിടെനിന്നും മടങ്ങി.
അതിനടുത്ത ചൊവ്വാഴ്ച അയാള്‍ എന്നെ വിളിച്ചു.
“നാട്ടിലില്ലായിരുന്നു, നേരില്‍ കാണാം അടുത്ത വ്യാഴാഴ്ച”
“ശരി ആയിക്കോട്ടെ” ഞാ൯ പറഞ്ഞു.
അടുത്ത വ്യാഴാഴ്ച ഞാനും ചങ്ങാതിമാരും കൂടി കൊല്ലം ഓഫീസില്‍ പോയി. അയാളവിടെ ഉണ്ടായിരുന്നു.
ഞാനെന്റെ നിലപാടുകള്‍ വ്യക്തമായി പറഞ്ഞുകേള്‍പ്പിച്ചു.
“ക്യാമറ തന്നാല്‍ മതി ശരിയാക്കിത്തരാം, ഇവിടെ പറ്റില്ല കോട്ടയത്തി൯ കൊണ്ടുപോകണം”
അയാള്‍ ഒരു തര്‍ക്കത്തിനും നില്‍ക്കാതെയാണ് ഇത്രയും പറഞ്ഞത്.
“നിങ്ങളുടെ തീരുമാനം നല്ലത്, അംഗീകരിച്ചിരിക്കുന്നു. പക്ഷേ ക്യാമറ തന്നുവിടുക എന്നത് നടക്കില്ല.”
ഒന്നു നിറുത്തിയിട്ട്
“നിങ്ങളിലുള്ള മുഴുവ൯ വിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ കോട്ടയത്തിന് ക്യാമറ ഞങ്ങള്‍ കൊണ്ടുവരാം”
“അതുമതി, അങ്ങനെയെങ്കില്‍ അടുത്ത വെള്ളിയാഴ്ച കൊണ്ടുപോന്നോളും”
“ശരിയായില്ലെങ്കില്‍?” ഞാ൯ ചോദിച്ചു
“അങ്ങനെയുണ്ടാകില്ല. ഇതു ശരിയാക്കാ൯ പറ്റുന്നതേയുള്ളൂ. അതല്ല പറ്റിയില്ലെങ്കില്‍ ഞാ൯ വാങ്ങിയ പണം തിരികെത്തരും”
ഞാ൯ കേള്‍ക്കേണ്ടത് കേട്ടിരിക്കുന്നു.
വ്യാഴാഴ്ച വൈകിട്ട് അയാളെ വിളിച്ചു. അന്നത്തെ ദിവസം തെരക്കാണ് ഒന്നു മാറ്റിവയ്ക്കാമോ എന്ന റിക്വസ്റ്റ് ഞാ൯ അംഗീകരിച്ചു.
അങ്ങനെ അടുത്ത വെള്ളിയാഴ്ച ഞങ്ങള്‍ പോയി.
എന്റെ സാന്നിദ്ധ്യത്തില്‍ തന്നെ ക്യാമറ അഴിച്ച് പവ്വര്‍ സപ്ളെ മാറ്റിതന്നു. മാറിയിട്ടത് മറ്റൊരു ക്യാമറയുടെ പവ്വര്‍ സപ്ളെ. മറ്റു പ്രശ്നങ്ങളുണ്ടായിരുന്നതെല്ലാം അാളെക്കൊണ്ട് പരിഹരിപ്പിച്ചു. ഒക്കെ ശരിയാക്കി അയാളുടെ ഒരു ഫോട്ടോ തന്നെ അതില്‍ ആദ്യം എടുത്തു.
ക്യാമറയിലുണ്ടായിരുന്ന പഴയ ഫോട്ടോകള്‍ നോക്കി അവസാനം എടുത്തിരിക്കുന്നത് ഒരു കൊക്കിന്റെ കണ്ണായിരുന്നു. രാജസ്ഥാന് ട്രിപ്പ് ക്യാന്സലായതിന്റെ അമര്‍ഷത്തിന് പഴയ ക്യാമറയുടെ ഓണര്‍ അയാളോട് തട്ടിക്കയറി.
“ഇയാളെന്നാ സര്‍വ്വീസ് കാരനാ, അറിയാ൯ പാടില്ലെങ്കില്‍ ക്യാമറ വാങ്ങുന്പോഴെ പറയണം”
മറുപക്ഷത്തുനിന്നും ഒരു മറുപടിയുമില്ലാതിരുന്നതിനാലാവണം അവന്റെ ആവേശം കൂടി. അവ൯ കൂടിനിന്ന കസ്റ്റേമഴ് കൂടി കേള്‍ക്കത്തക്കവിധം.
“ഞാനൊരാഴ്ചത്തെ ട്രിപ്പിന് ക്യാമറയുമായി പോയതാണ് അവിടെയെത്തിയ ദിവസം തന്നെ ക്യാമറാ ചീത്തയായി, കാനന്റെ സര്‍വ്വീസ് സെന്ററില്‍ കൊടുത്തപ്പോ ഇയാള്‍ പറഞ്ഞിരുന്ന സര്‍വ്വീസുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അറിയാ൯ കഴിഞ്ഞു. ആവശ്യമില്ലാതെ പണം വാങ്ങുകയാണിയാള് ചെയ്യുന്നത്. പണിയൊട്ട് അറിയുകയുമില്ലാ. കാനന്റെ ആതറൈസ്ഡ് സര്‍വ്വീസ് സെന്ററുകളുടെ ലിസ്റ്റില്‍ ഇയാളുടെ പേരുപോലുമില്ല.”
വാസ്തവമാണെങ്കിലും കസ്റ്റമേഴ്സിന്റെ സാന്നിദ്ധ്യത്തില്‍ അയാളുടെ സ്ഥാപനത്തില്‍ നിന്ന് ഇതു പറയുന്നത് അയാളെ ചൊടിപ്പിച്ചു.
“നീയാണോ ക്യാമറ സര്വ്വിസി൯ കൊണ്ടുവന്നത്. അല്ലല്ലോ അപ്പോ നീ സംസാരിക്കേണ്ട കാര്യമില്ല.”
ഞങ്ങളോടൊപ്പമുണ്ടായിരുന്ന മൂന്നാമ൯ പെട്ടന്ന് ഇടപെട്ട് അവനെ പുറത്തേക്ക് കൊണ്ടുപോയി.
ഞാ൯ ലബ്ബാസി൯ ഷെയ്ക് ഹാന്റ് കൊടുത്ത് പുറത്തിറങ്ങി. മുകളില്‍ ഇന്ത്യ൯ കോഫീ ഹൌസില്‍ പോയി ആഹാരം കഴിച്ചു. വഴക്കുണ്ടാക്കിയതിന്റെ വിറയല്‍ അവന് അപ്പോഴും വിട്ടുമാറിയിട്ടുണ്ടാവില്ല.
കാപ്പികുടിയൊക്കെ കഴിഞ്ഞ് ഞങ്ങള്‍ മടങ്ങിപ്പോന്നു.
ഇന്ന് 10.10.2010 ലോക മാനസീകാരോഗ്യ ദിനം. നേരം നേരം നന്നേ പുലര്‍ന്നിരിക്കുന്നു. ഇപ്പോ എടുത്ത ഫോടോകള് കന്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തുകൊണ്ടിരിക്കുയാണ്. പനിനീര്‍പ്പൂവില്‍ തേനീച്ചയിരിക്കുന്ന മാക്രോ ഫോട്ടോ. ഒരു പൂവിന്റെ ഫോട്ടോയെടുക്കാ൯ ഇവനെന്തിന് ഇത്ര കഷ്ടപ്പെടണം എന്നമ്മ വിചാരിച്ചുകാണും. ട്രൈപ്പോഡും ക്യാമറയും മാക്രോ ലന്സും എക്സ്റ്റേണല്‍ ഫ്ളാഷും ഒക്കെ സെറ്റ് ചെയ്ത് നേരെ വെളുത്തപ്പോള്‍ മുതല്‍ ഒരു പൂവിനടുത്ത് നില്ക്കുകയാണിവ൯.
ക്യാമറ ശരിയാക്കിയിട്ട് എട്ടു മാസത്തോളം കഴിഞ്ഞു ഇപ്പോഴും എല്ലാം ഭംഗിയായി വര്‍ക്ക് ചെയ്യുന്നുണ്ട്. ടെലി ലന്സിനുള്ള ചെറിയ ഫോക്കസ് പ്രോബ്ളം ഒഴിച്ചാല്‍. പണം നഷ്ടപ്പെട്ടതിനേക്കാള്‍ ഇങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യങ്ങളുടെ വേദനയാണെനിക്കിന്നുമുള്ളത്. ഈ വേദനയിലും ഞാ൯ സന്തോഷവാനാണ്. കാരണം ആ ക്യാമറ ഇന്നുമെന്നോടൊപ്പമുണ്ട്.
നോട്ട്: വീണ്ടുമൊരു കലണ്ടര്‍ സീസണ് കൂടി കടന്നുവരുന്നു. ഇന്നലെകളിലെ അനുഭവങ്ങളില്‍ നിന്നുമാണല്ലോ നാമോരോന്ന് പഠിക്കുക. ഈ ജീവിതമെന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ നന്നാകാനതെനിക്ക് പ്രാപ്തിനല്കുന്നു. നന്നാകുക എന്നത് മനുഷ്യത്വമിലാതാകുകയാണോ എന്നെനിക്ക് സംശയമുണ്ടെങ്കിലും കുറച്ചൊക്കെ സ്വാര്ത്ഥതയുണ്ടാകുന്നതു നല്ലതല്ലേയെന്ന ചിന്ത എന്നിലുടലെടുത്തിട്ടുമുണ്ട്. അറിയാവുന്നതൊക്കെയും പകര്ന്നുനല്കരുത് എന്നെവിടെയോ ഞാ൯ വായിച്ചരിക്കുന്നു. പ്രത്യേകിച്ചൊരുദ്ദേശത്തോടുകൂടിയല്ലായിതെഴുതിത്തുടങ്ങിയതെങ്കിലും അള്‍ഷിമേഴ്സ് ബാധയെന്നിലുണ്ടായിയോര്മ്മകള് നശിച്ചാലും ഇതൊക്കെയും എന്നില്‍ സംഭവിച്ചിരുന്നെന്നറിയാ൯ അനുഭവിച്ചതെന്നറിയാ൯ എന്റെയെങ്കിലുമടുത്ത തലമുറയ്ക്കാവാ൯ വേണ്ടിമാത്രം.
വാല്ക്കണണം: അമിതമായ താല്പര്യം, ആവശ്യത്തിലധികം ആത്മാര്‍ത്ഥത (രാജാവിനേക്കാള്‍ രാജഭക്തിപോലെയുള്ളത്), എന്തിനോടെങ്കിലുമുള്ള പ്രത്യേക താല്പര്യം (പ്രണയമായാല്‍ പോലും) ഇവ വച്ചുപുലര്ത്തുന്നവര്ക്കൊരു ചെറിയ ഉപദേശം. അവനവന്റെ ജീവിമാണ് പ്രധാനം അതിനപ്പുറം മറ്റൊന്നുമില്ല. നീ ജീവിക്കുക സന്തോഷമായി.
സ്നേഹത്തെടെ,
മനു.കൊല്ലം | ഫോട്ടോഗ്രാഫി.
Search on Google “MANU KOLLAM”
മനു.കൊല്ലം | ഫോട്ടോഗ്രാഫി.
Search on Google “MANU KOLLAM”
അഭിപ്രായങ്ങള്‍