ശബ്ദമലിനീകരണത്തിനെതിരെ - എന്റെ കഥ - ഇവിടെ ആരംഭിക്കുന്നു.

നിയമപ്രകാരം അധികാരികളിൽ നിന്ന് രേഖാമൂലമുള്ള അനുമതി ലഭിച്ചതിനുശേഷം മാത്രമേ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ കഴിയൂ. ഉച്ചഭാഷിണികളും ആംപ്ലിഫയറുകളോ മറ്റ് ഉപകരണങ്ങളോ മലിനീകരണത്തിന് കാരണമാകുകയാണെങ്കിൽ അവ സർക്കാർ അധികാരികൾക്ക് പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ എടുക്കുകയും ചെയ്യും.

 

എന്റെ കഥ

ഇവിടെ ആരംഭിക്കുന്നു.

 തയ്യാറാക്കിയത് : മനു എ എസ്


2022 ഒരു സായാഹ്നം,

ജോലിത്തിരക്കുമൂലം ഉച്ചഭക്ഷണം സമയത്ത് കഴിക്കാത്തതിന്റെ ക്ഷീണത്തിൽ ഞാൻ വീട്ടിലേയ്ക്ക് കടന്നുവരുന്നു.

സമയം ഉച്ചകഴിഞ്ഞ് 3.30 ആയിക്കാണും. ഞാനൊഴികെയുള്ളവരെല്ലാം വീട്ടിലുണ്ട്.

 

വീടിനോടടുത്തെത്തിയപ്പോൾ വളരെ ഉച്ചത്തിലുള്ള ശബ്ദകോലാഹലം; എന്തായിരിക്കും എന്നറിയാതെ വീട്ടുമുറ്റത്തേയ്ക്ക്  ബൈക്ക് ഓടിച്ചുകയറ്റി. ബൈക്കവിടെ വച്ചിട്ട് ശബ്ദം കടന്നുവരുന്ന ദിക്കിലേയ്ക്ക് നോക്കി.

വീടന് പടിഞ്ഞാറേപ്പുറത്തുള്ള ഒഴിഞ്ഞ പറമ്പ്; അവിടെ ഉയരത്തിൽ ഒരു സ്റ്റേജ് നി‍‍ർമ്മിച്ചിരിക്കുന്നു.

അതിനു മുന്നിൽ നിറയെ; നിറയെ എന്നു പറയുമ്പോ വാനോളം ഉയരത്തിൽ സ്പീക്ക‍ർ ബോക്സുകൾ അടുക്കിവച്ചിരിക്കുന്നു. അതുമുഴുവൻ ഇരുന്നു പാടുന്നു.

 

വീടിനുള്ളിലും പുറത്തും ആരെയും കാണുന്നുമില്ല. ഞാനോടി വീടിനുള്ളിലേയ്ക്ക് കയറി. മക്കളുമാരെ കാണുന്നില്ല.

 

ഓളോടു ചോദിച്ചു.

ദേ നിങ്ങളുടെ മുറിയിലുണ്ട്

ചോദിക്കുന്നതിനുമുന്നേ മറുപടിയെത്തി.

 

നാലും എഴും വയസ്സുള്ള പെങ്കുട്ടികൾ

അവളുമാര് പേടിച്ചരണ്ടപോലെ എൻറെ മുറിയിലിരിക്കുന്നു.

 

സ്റ്റേജ് കെട്ടിയ ഭാ​ഗത്തിന് എതി‍ർ വശത്തുള്ള മുറിയാണ് അത്

എന്റെ കംപ്യുട്ട‍ർ അനുബന്ധ പണികൾക്കായി നീക്കിവച്ചിരിക്കുന്ന മുറി.

 

അവർ രണ്ടാളും കട്ടിലിൽ കയറി  ഇരിക്കുകയാണ്.

 

മുൻധാരണയില്ലാതെ അത്യുച്ചത്തിലും വീടുകുലുങ്ങുമാറുമുള്ള ശബ്ദം. അതും സബ് വൂഫറുകളും വലിയ സ്പീക്കർ ബോക്സുകളുമൊക്കെ വളരെ ശക്തിയേറിയ ആപ്ലിഫയറുകളും ഒക്കെസ്ഥാപിച്ചത്. ജന്നലുകളും വാതലുകളും അലമാരയിലിരിക്കുന്നതും അടുക്കളയിലിരിക്കുന്നതുമായ പാത്രങ്ങളും ​ഗ്ലാസുകളും ഒക്കെ കിലുകിലാ കുലുങ്ങുന്നു.

 

കുട്ടികൾ എങ്ങനെ പേടിക്കാതിരിക്കും.

 

ഓളാണ് പറഞ്ഞത്,

നാളെ ഇരുപത്തെട്ടാം ഓണാഘോഷമാണ് അതിന്റെ സ്റ്റേജും പരിപാടികളും ആണെന്ന്.

 

കുറേനേരം ഞാനും മക്കളും മുഖാമുഖം നോക്കി അങ്ങനെയിരുന്നു.

കൂട്ടത്തിൽ ഇളയവൾ എന്നേ നോക്കി കരയുന്ന മുഖത്തോടെ ദയനീയമായ് ചോദിച്ചു.

 

അച്ഛാ നമ്മുടെ വീട് പൊളിഞ്ഞുവീഴുമോ ?

ഇല്ല മോളെ അങ്ങനെ വരേണ്ട കാര്യമില്ല. എന്നാശ്വസിപ്പിച്ചെങ്കിലും അതൊരു പരിഹാരമല്ലല്ലോ ?

 

പരാതിപ്പെടാനുള്ള നമ്പറിനായി പലരെയും വിളിച്ചു.

കിട്ടിയില്ല.

ഇന്റർനെറ്റ് മുഴുവനൊന്ന് അരിച്ചുപറക്കി.

100 ൽ വിളിക്കുക എന്നതാണ് പരിഹാരമായി തോന്നിയത്.

എന്നിട്ടും അതിനൊരു ധൈര്യവും പോര.

 

മറ്റൊന്ന് 1098 ആണ് ചൈൽഡ് പ്രൊട്ടക്ഷൻ നമ്പ‍ർ.

അവസാനം അതിൽ വിളിച്ചു.

തുടർച്ചയായി രണ്ടു മൂന്നു തവണ വിളിച്ചുകാണും

അവരോട് കരഞ്ഞ് കാര്യം പറഞ്ഞു. ശരിക്കും കരഞ്ഞുപോയതാണ്.

 

അവരോട് എൻറെ വിവരങ്ങൾ ഷെയർ ചെയ്യരുത് എന്നാവശ്യപ്പെട്ടിരുന്നു.

വഴി ചോദിക്കാൻ തിരുവനന്തപുരം കണ്ട്രോൾ നമ്പറിൽ നിന്നും വീണ്ടും വിളിച്ചു.

പോലീസ് വണ്ടിവന്നു വൈകുന്നേരം 6.30 ആയപ്പോഴേക്കും പാട്ട് നിന്നു.

 

അടുത്ത ദിവസം രാവിലെ 6 മണിക്കു മുന്നേ പാട്ട് വീണ്ടും തുടങ്ങി. വീണ്ടും ആശങ്ക, ഒരെത്തു പിടിയും കിട്ടിയില്ല. ഞായറാഴ്ച, അവധി ദിവസവും എന്തു ചെയ്യും. എനിക്കും മക്കളുമാ‍ർക്കും അവധിയാണ്. ഇരുന്നു നരകിക്കുക തന്നെചെയ്യും.  ഇന്നലെ വിളിച്ച നമ്പറുകളിലൊന്നും വിളിക്കാൻ തോന്നിയതേയില്ല. പലതവണ വിളിച്ചിട്ടാണ് ഇന്നലെ നടപടിയായത് താനും.

 

അവസാനും വീടു പൂട്ടി സ്ഥലം വിടാൻ തീരുമാനിച്ചു. ഓളോട് പണിക്കുപോകാൻ പറഞ്ഞിട്ട് ഞാനും മക്കളുമാരും കൂടി പാർക്കിലോ മൈതാനത്തോ പോയിരിക്കാൻ തീരുമാനിച്ചു.

 

അങ്ങനെ അന്ന് സുഖമായി കിടന്നുറങ്ങേണ്ട ഞായറാഴ്ച രാവിലെ 8 മണിക്കുമുന്നേ കുട്ടികളും ഞങ്ങളും റഡിയായി, പ്രഭാത ഭക്ഷണം കഴിച്ചെന്നുവരുത്തി, അയലത്തെ ശബ്ദ ഭികരനെ പേടിച്ച് വീടും പൂട്ടി സ്ഥലം വിട്ടു.

ഒരു കാര്യവുമില്ലാതെ ഞാനും മക്കളും ടൗൺ മുഴുവൻ കറങ്ങിനടന്നു. കുറേ നേരം പാർക്കിൽ പോയിരുന്നു, ഉച്ചഭക്ഷണം പുറത്തു നന്നും കഴിച്ചു, അങ്ങനെ വൈകുന്നേരമായി. ഓള് വിളിച്ചു എന്തുവേണം വീട്ടിൽ പോകട്ടേ എന്ന്, വേണ്ട ഇങ്ങോട്ടു പോന്നോളു എന്നു ഞാൻ പറഞ്ഞു, എന്നിട്ട് രാത്രി 10.30 ആയപ്പോ എല്ലാരും കൂടി വീട്ടിലേയ്ക്ക് എത്തി. കുട്ടികൾ അരമയക്കം ആയിരുന്നു. പകലത്തെ അലച്ചിലിൻറെതാണ്. എനിക്കും നല്ല ക്ഷീണം വീട്ടിൽ നിൽക്കുന്ന ദിവസങ്ങളിൽ പകൽ മയക്കം പതിവുള്ളതായിരുന്നു.

ഇല്ല കഴിഞ്ഞിട്ടില്ല.

സമ്മാനദാനം,

അതുകഴിഞ്ഞിട്ട് മറ്റെന്തോ പരിപാടി,

അതും കഴിഞ്ഞ് രാത്രി 1 മണിവരെ ഒരു കോഴിക്കുവേണ്ടിയുള്ള ലേലം അതും നാടുമുഴുവൻ വിറപ്പിച്ച് ശബ്ദകോലാഹലം ഉണ്ടാക്കിക്കൊണ്ട്. അതും കഴിഞ്ഞാണ് ആ ശബ്ദ ഭീകരനെ ഓഫാക്കിയത്.

 

അടുത്ത പുലരിയിൽ പരിചയമുള്ള നാട്ടുകാരോടൊക്കം തിരക്കി നിങ്ങൾക്കൊന്നും പരാതിയില്ലായരുന്നോ എന്ന്.

ഉണ്ടായിരുന്നു ആരോടു പറയാനാ ആരോ വിളിച്ചുപറഞ്ഞ് പോലീസ് രണ്ടുമൂന്നു തവണ വന്നായിരുന്നു. അന്നേരം കുറച്ചുനേരം ശബ്ദം കുറച്ചുവയ്ക്കും പിന്നെയും കൂട്ടും.

 

ഇതു ചോദിച്ചകൂട്ടത്തിൽ നാട്ടിലെ ഒരു ചേട്ടൻ പോയകാല ഓണാഘോഷത്തിൻറെ അന്ന് വയ്യാതെ കിടന്ന അമ്മ മരണപ്പെട്ടത് സങ്കടത്തോടെ വിവരിച്ചു. അവര് ഇച്ചിരി ശബ്ദം കുറച്ചു വച്ചെങ്കിൽ കുറച്ചുകാലം കൂടി അമ്മ ജിവിച്ചിരുന്നേനെ എന്ന്, ഒക്കെ ആരോട് പറയാൻ.....

 

2022 ലെ ആ ട്രോമ മാറാന് എനിക്ക് കുറേ ദിവസമെടുത്തു.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

 

ജോലി, ജീവിത തിരക്കിനിടയ്ക്ക് അങ്ങനെ കടന്നുപോകവെ

2023 ഏപ്രിൽ മാസം വന്നെത്തി

വീടിന് എറ്റവും അടുത്ത ക്ഷേത്രത്തിലെ ഉത്സവദിവസം കടന്നുവരികയായി

വീടന് മുന്നിൽ റോഡ് റോഡിനെതിർവശത്തായി ഉള്ള പുരയിടത്തിൽ നിറയെ ഉയരമുള്ള മരങ്ങൾ,

അവിടെ ഒരു തെങ്ങിൽ 3 വലിയ കോളാമ്പിൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഉത്സവം ആരംഭിക്കുന്ന ദിവസത്തിൻറെ തലേദിവസം വൈകുന്നേരം മുതൽ ശബ്ദ ശല്യം ആരഭിച്ചു. വീടിനുള്ളിൽ നിന്ന് പരസ്പരം സംസാരിച്ചാൽ പോലു കേൾക്കാൻ പറ്റാത്തത്ര ഉച്ചത്തിലുള്ള ശബ്ദം.

 

ചുറ്റുപാടുമുള്ള പലരും പരാതിക്കാരാണ്. എന്തു ചെയ്യണം എന്നാർക്കും ഒരു രൂപവുമില്ല. പലർക്കും പല കാരണങ്ങളാണ് ദൈവകോപം, രാഷ്ട്രീയി വിദ്വേഷം, നമ്മളായിട്ട് ഒരു കാര്യം നടക്കുന്നതിന് തടസ്സം നിക്കുന്നതെന്തിനാ, അങ്ങനെയങ്ങനെ പല പല ന്യായനങ്ങൾ.

 

പരാതിപ്പെടാനോ നാടുവിടാനോ കഴിയില്ലാത്ത വിധം ലോക്കായ ദിവസങ്ങളായിരുന്നു അത്. ജന്നലുകളും വാതലുകളും ഇറുക്കിയടച്ച്  വീടിനുള്ളിൽ കഴിഞ്ഞു. ആ ദിവസങ്ങൾ എങ്ങനെ തള്ളിനീക്കി എന്ന് എനിക്കും കുടുംബത്തിനും ഒരു നിശ്ചയവും ഇല്ലായിരുന്നു.

 

മാനുഷീകമൂല്യങ്ങളും പൗരബോധവും ജനാധിപത്യ ബോധവും ഉള്ളതുകൊണ്ടായിരിക്കും ഇതൊന്നും ഒരു സാമൂഹിക നീതിയല്ല എന്ന ഒരു തോന്നൽ മനസ്സിൽ തോന്നിക്കൊണ്ടേയിരുന്നു. ഇതു തടയാൻ എന്തെങ്കിലും മാർഗ്ഗം കണ്ടെത്തണം മെന്ന ചിന്തയിൽ മാസങ്ങൾ തള്ളിനീക്കി.

 

പുതുക്കിയ ട്രോമയുമായി പിന്നെയും മുന്നോട്ട് പോയി. ട്രോമ ശരിക്കും ഉണ്ടായിരുന്നു.

മൊബൈലിൽ പാട്ടു കേൾക്കുമ്പോൾ പോലും മനസ്സ് അസ്വസ്ഥമാകുമായിരുന്നു.

കേൾക്കാത്ത ശബ്ദം കേൾക്കുന്നതായി തോന്നുമായിരുന്നു.

അങ്ങനെ ജിവിതവുമായി മുന്നോട്ട് പോയി.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

 

2023 ഞങ്ങൾക്കെല്ലാം ഡെങ്കു ബാധിച്ച വർഷം

ഓണാവധിയോടടുപ്പിച്ച് ഡങ്കുഫിവർ നാട്ടിൽ പലർക്കും വന്നു. കുട്ടികൾക്കാണ് ആദ്യം വന്നത്.

ആശുപത്രിയിൽ കാണിച്ച് മരുന്നുവാങ്ങി അവരോടൊപ്പം ചെലവഴിച്ച് സംരക്ഷിച്ചുവരികയായിരുന്നു. എന്റെ തൊഴിലിനുപോക്കും മുടങ്ങി, മുത്തമകൾക്ക് രണ്ടു മൂന്ന് പരീക്ഷയും മിസ്സ് ആയി. കുട്ടികളുടെ പനി മാറിയപ്പോഴേയ്ക്കും ഞാനും രോഗിയായി. എനിയ്ക്ക് കൊറോണ വന്നശേഷം ഇടയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെടാറുണ്ടായിരുന്നു. പ്രധാന വ്യായാമം സൈക്കിളിംഗ് ആയിരുന്നെങ്കിലും കൊറോണയ്ക്ക് ശേഷം അത് റഗുലറായി ചെയ്യാൻ കഴിയുന്നുമില്ലായിരുന്നു. എനിക്ക് ഡങ്കു വന്ന് തീരെ വയ്യാതായപ്പോൾ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. നില വഷളായതിനെത്തുടർന്ന് ടൗണിലുള്ള വലിയ ആശുപത്രിയിലേയ്ക്ക് മാറി. അവിടെ ചെന്നിട്ടും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞുവരികയായിരുന്നു. ദിവസങ്ങൾ മാസങ്ങളായി കൊഴിഞ്ഞുപോയി പതിയെ നില മെച്ചപ്പെടാറായപ്പോഴേയ്ക്കും കുട്ടികളുടെ സ്കൂൾ തുറക്കാൻ 5 ദിവസം കൂടി ബാക്കിയായി. ആശുപത്രിയും രോ​ഗവുമായി കിടന്നതിനാൽ ആ സമയത്ത് കുട്ടികളെ ശ്രദ്ധിക്കാനും പറ്റിയില്ല. ഏതായാലും പനി മാറി ഇനി വീട്ടിൽ പോയി വിശ്രമിക്കാം കുട്ടികളെ കരുതി നിർബന്ധിച്ച് ഡിസ്ചാർജ്ജ് വാങ്ങി വീട്ടിലേയ്ക്ക് പോന്നു എന്നു പറയുന്നതാണ് നല്ലത്. വീട്ടിൽ വന്നിറങ്ങി (ഇറങ്ങിയെന്നോ എടുത്തിറക്കിയെന്നോ ഒക്കെ പറയാവുന്ന അവസ്ഥയിലായിരുന്നു ഞാൻ) വീടുതുറന്നു അകത്തേക്കു കയറുന്നതിനു മുന്നേ തന്നെ അടുത്ത പറമ്പിലെ സ്റ്റേജ്, വാനോളം ഉയരത്തിൽ വച്ചിരിക്കുന്ന സ്പീക്കർ ബോക്സുകൾ, വീടിനു മുന്നിലെ തെങ്ങിൽ സ്ഥാപിച്ചിരിക്കുന്ന നിരോധിത കോളാമ്പിയും ശ്രദ്ധയിൽ പെട്ടു.

 

ഉണ്ടായിരുന്ന ജീവൻ കൂടി അങ്ങുപോയിക്കിട്ടി.

 

ഒരു മാസമായിക്കാണും വീട്ടിൽ നിന്നും പോയിട്ട്. കുട്ടികളുടെ സ്കൂൾ തുറക്കുന്നതിനു മുന്നേയുള്ള തയ്യാറെടുപ്പുകൾ വീടും പരിസരവും വൃത്തിയാക്കൽ അങ്ങനെയങ്ങനെ അനവധി പണികളുണ്ട്. ബന്ധുവിടുകളിൽ നിറുത്തിയിരുന്ന മക്കളുമാരെയും കയറ്റിയാണ് ഇവിടെ എത്തിയത്. വീടു തുറന്ന് അകത്തു കയറിയിരുന്ന് ആലോചന തുടങ്ങി എന്താണ് മാ‍ർ​​ഗ്​ഗം.

 

രണ്ടു ദിവസത്തെ ശബ്ദ കോലാഹലം അപ്പുറത്തുണ്ട്.

എനിക്ക് ഒട്ടും താങ്ങാൻ പറ്റുകയില്ല.

ഒരു ലക്ഷം കടക്കാത്ത പ്ലേറ്റ്ലറ്റ് കൗണ്ടും.

 

നമുക്ക് എവിടേയ്ക്കെങ്കിലും പോകാം.

ഒക്കെ കഴിഞ്ഞിട്ട് വരാം.

ഇവിടെ കിടന്നിട്ട് ഒരു കാര്യവുമില്ല.

ഞാനാണ് പറഞ്ഞത്.

 

അങ്ങനെ ഞങ്ങൾ മറ്റൊരുടിത്തേയ്ക്ക് യാത്രയായി.

സ്കൂൾ തുറക്കുന്ന അന്ന് രാവിലെയാണ് മടങ്ങിവന്നത്.

എന്തൊക്കെയൊ ഒരുക്കിക്കൂട്ടി കുട്ടികളെ പറഞ്ഞുവിട്ടു.

പിന്നെയും മാസങ്ങൾ എടുത്തു രോഗവും ക്ഷീണവും മാറി ഞാൻ ഒന്നു ശരിയായി വരാൻ.

 

രോഗം മാറിവന്നപ്പോഴ്യ്ക്കും നടന്ന സംഭവങ്ങളൊക്കെ കുത്തിക്കുത്തി നോവിക്കാൻ തുടങ്ങിയിരുന്നു. വയ്യാതായി മടങ്ങിവന്നിട്ടു സ്വന്തം വീട്ടിൽ വിശ്രമം നയിക്കാൻ അനുവദിക്കാത്ത ശബ്ദ ഭികരനെതിരെ പരാതിപ്പെടുക എന്നത് മാത്രമായിരുന്നു മനസ്സിലെ ചിന്ത മുഴുവൻ. ഇനിയും ഇത് ആവർത്തിക്കാൻ പാടില്ല.

 

അങ്ങനെ ഒരു ദിവസം കംപ്യൂട്ടറിൽ പരതുന്നതിനിടയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരാതി പോർട്ടൽ ശ്രദ്ധയിൽ പെട്ടു. അതിൽ പരാതി കൊടുക്കുന്നതെങ്ങനെ എന്നു പഠിച്ചു മനസ്സിലാക്കി.

 

2022 - 2023 വർഷങ്ങളിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ച് വിശദമായ ഒരു പരാതി തയ്യാറാക്കി ദേശിയാ മനുഷ്യാവകാശ കമ്മീഷന്റെ പോ‍ർട്ടലിൽ പാരാതി സമർപ്പിച്ചു. എന്താകും എന്നൊരു പിടിയുമില്ലങ്കിലും അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒരു ദിവസം എന്റെ മെയിലിൽ ഒരു ഈ മെയിൽ വന്നു  നിങ്ങളുടെ പരാതി ഫയലിൽ സ്വീകരിച്ചിരിക്കുന്നു. ഫയൽ നമ്പറും ഡയറി നമ്പറും ഒക്കെ ഉണ്ടായിരുന്നു അതിൽ.

അതൊരു ചെറിയ സന്തോഷം നൽകി. വീണ്ടും ദിവസങ്ങളും മാസങ്ങളും കടന്നുപോയി.

ഒരു സായാഹ്നത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു വിളി.

 

നിങ്ങൾ കൊടുത്ത മനുഷ്യാവകാശ കമ്മീഷൻ പരാതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് കത്ത് വന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് നിങ്ങളുടെ  ഒരു മൊഴി രേഖപ്പെടുത്താനുണ്ട് സ്റ്റേഷൻ വരെ വരണം.

 

വരാം എന്നു പറഞ്ഞു.

കമ്മീഷന് അയച്ച പരാതിയുടെ ഒരു കോപ്പിയും ആയി സ്റ്റേഷനിലേയ്ക്ക് പോയി.

 

വ്യക്തികളുടെയോ സംഘടനയുടെയോ സ്ഥാപനത്തിന്റെയോ പേരോ വിവരങ്ങളോ അറിയാമായിരുന്നിട്ടും നൽകാതെ ശബ്ദ മലിനീകരണത്തിനെതിരെയും അത് എന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ വരുത്തിയ ബുദ്ധുമുട്ടുകളെയും പറ്റി പറഞ്ഞ് മൊഴി കൊടുത്തു. സ്റ്റഷനിൽ നിന്നും അന്വേഷണത്തിനു വന്നു അയൽക്കാരോടൊക്കെ തിരക്കി പോയി. പിന്നീട് എന്തു സംഭവിച്ചു എന്നു തിരക്കിയില്ലെങ്കിലും അന്വേഷിക്കാൻ വന്നുപോയ പോലീസുകാരൻ പറഞ്ഞത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കാം എന്നു റിപ്പോർട്ട് കൊടുക്കും എന്നാണ്.

 

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി...

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

 

മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയപ്പോൾ മുതൽ ശബ്ദ മലിനീകരണവും അതു മനുഷ്യനും ചുറ്റുപാടുകൾക്കും ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ലോകത്തും പ്രവർത്തിക്കുന്ന സംഘടനകളെക്കുറിച്ചും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി ഒരുപാട് സമയം ചെലവഴിച്ചു. അതിൽ നിന്നു കിട്ടിയ അറിവുകളും അനുഭവങ്ങളും ബന്ധങ്ങളും പിന്നിടിങ്ങോട്ട് ഓരുപാട് മുതൽക്കൂട്ടാകുകയും ചെയ്തു.

 

ലഭിച്ച അറിവുകൾ എൻറെ ഈ ബ്ലോഗിലെ മുൻ പോസ്റ്റുകളായി ഇട്ടിട്ടുണ്ട്.

 

കൂടെ കുറേ സമാനചിന്താഗതിക്കാരെയും, അതിനായി പൊരുതുന്ന പോരാളികളെയും പരിചയപ്പെട്ടു. അവരിൽ നിന്നു കിട്ടിയ ഉർജ്ജം സംഭരിച്ച് പൊരുതാനാരംഭിച്ച വർഷമാണ് 2024. (എല്ലാവർക്കും നന്ദി)

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

 

2024 മാ‍ർച്ച് മാസത്തിലെ ഒരു ചൂടൻ പ്രഭാതം

 

ബന്ധുവീട്ടിൽ ഒരാവശ്യത്തിന് പോയി

അവിടുത്തെ പത്രം ഇടുന്ന ടീപ്പോയുടെ മുകളിൽ ഒരു ഉത്സവ നോട്ടീസ് ശ്രദ്ധയിൽ പെട്ടു.

കഴിഞ്ഞ വർഷം വീടിനു മുന്നിലെ തെങ്ങിൽ കോളാമ്പി കെട്ടി എന്റെയും കുടുംബത്തിന്റെയും ദിവസങ്ങൾ നരകമാക്കിയ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നോട്ടീസ്.

 

മൊബൈലിൽ അതിന്റെ കവർ പേജിൻറെ ഒരു ഫോട്ടോ പകർത്തി.

 

വീട്ടിലെത്തിയശേഷം പോയകാല ശബ്ദ അനുഭവങ്ങളും സംഭവങ്ങളും പിന്നീടിങ്ങോട്ടുള്ള കാലം ആർജ്ജിച്ച ശബ്ദ മലിനീകരണത്തെക്കുറിച്ചുള്ള അറിവുകളും ഉപയോഗപ്പെടുത്തി ലൌഡ് സ്പീക്കറിനെതിരെയുള്ള നിയമങ്ങളും, വിവിധ കോടതി ഉത്തരവുകളും മറ്റും പ്രതിപാദിച്ച് വിശദമായ ഒരു പരാതി തയ്യാറാക്കി ഉത്സവ നോട്ടീസിൻറെ ഫോട്ടോയും ചേർത്ത് തയ്യാറാക്കിയ പരാതി സംസ്ഥാന പോലീസ് മേധാവിയ്ക്ക് അയച്ചു.

 

ദിവസങ്ങൾ കടന്നുപോയി, ലോക്കൽ സ്റ്റേഷനിൽ നിന്നും വിളി വന്നു.

ഡി.ജി.പി. യ്ക്ക് കൊടുത്ത പരാതി ഇവിടെ വന്നിട്ടുണ്ട്. പരിഹാരത്തിനായി സ്റ്റേഷൻ വരെ വരണം എന്ന്,

വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ആരാഞ്ഞു.

രണ്ടു കക്ഷികളെയും വിളിച്ചിട്ടുണ്ട് വരണം.

 

* ***** * ****** ***** * ****** ***** * ****** ***** * ****** ***** * ****** ***** * *****

 

അതു കേട്ടപ്പോ ഒരു പഴയ സംഭവം ഓർമ്മയിൽ വന്നു.

അതു പറഞ്ഞിട്ട് ഇത് തുടരാം.

 

മറ്റൊരു മലിനീകരണ പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ എന്നെയും എതിർകക്ഷിയേയും ഒന്നിച്ച് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.

 

ശബ്ദ മലിനീകരണം മാത്രമല്ലായിരുന്നു പാറപ്പൊടിയും യന്ത്രസാമഗ്രഹികളുടെ ഉച്ചത്തിലുള്ള ശബ്ദവും ദിവസം മുഴുവനും ഉണ്ടാക്കുന്നതു സംബന്ധിച്ചായിരുന്നു പരാതി.

 

കുടുംബ വഴക്കു തീർക്കാൻ വിളിക്കുന്ന ലാഘവത്തോടെ എന്നെ വിളിച്ചുവരുത്തി നിശിതമായ ഭാഷയിൽ ആക്ഷേപിക്കുകയും പരാതി വായിച്ചുനോക്കുക കൂടി ചെയ്യാതെ എന്നോട് ഈ പരാതി പോലീസിൽ അല്ല നൽകേണ്ടതെന്നും നിങ്ങൾക്ക് തെറ്റുപറ്റിയിരികക്കുന്നു എന്നു പറയുകയും ചെയ്തു. എതിർ കക്ഷിയുടെ കയ്യിൽ ആവശ്യമായ രേഖകൾ ഉണ്ടെന്നും അതുകൊണ്ട് പരാതി പിൻവലിക്കുന്നതായി എഴുതി കൊടുത്തിട്ട് പൊയ്ക്കോളാനും ആവശ്യപ്പട്ടു.

 

പരാതിയിലെ വിഷയം ലോ ആൻറ് ഓർഡറിൽ വരുന്നതാണെന്നും പോലീസിന് ഇതിൽ കാര്യമുണ്ടെന്നും പറഞ്ഞ എന്നോട് തിരികെ സംസാരിക്കുന്നത് അദ്ദഹത്തിന് ഇഷ്ടമല്ലെന്നും അതുകൊണ്ട് എഴുതിക്കൊടുത്തിട്ട് പൊയ്ക്കോളാനും പറഞ്ഞു.

 

കോടതിയിൽ പോകേണ്ടിവന്നാലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഈ സംവിധാനം അവസാനിപ്പിക്കുക തന്നെ ചെയ്യും എന്നും എഴുതി തരാൻ ഒന്നുമില്ലെന്നും ഞാൻ പറഞ്ഞു.

 

നീതി ബോധമുള്ള മറ്റു പ്രസ്ഥാനങ്ങൾ രാജ്യത്തുള്ളതുകൊണ്ടും, രാജ്യ നിയമങ്ങൾ ജനങ്ങളുടെ നൻമയെകരുതി ഉള്ളതാകയാലും പ്രസ്തുത സ്ഥാപനം ഇപ്പോൾ ഇവിടെ മലിനീകരണം ഉണ്ടാക്കുന്നില്ല.

* ***** * ****** ***** * ****** ***** * ****** ***** * ****** ***** * ****** ***** * *****

 

അതു ബുദ്ധിമുട്ടാണ് എന്ന് ഞാൻ പറഞ്ഞു, ഇത് ഒത്തുതീ‍ർപ്പാക്കേണ്ട ഒരു വിഷയമല്ലെന്നും,

മൊഴ രേഖപ്പെടുത്താനാണെങ്കിൽ പരാതി തന്നെയാണ് മൊഴി എന്നും

അതിൽ പറഞ്ഞിരിക്കുന്ന സംഭവം നടക്കാതെ നോക്കണമെന്നും ഞാൻ പറഞ്ഞു.

 

അതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അങ്ങേ തലയ്ക്കൽ നിന്നും പറഞ്ഞു.

അതിനു മറുപടിയായി ഞാൻ, പോയവർഷങ്ങളിൽ വീടിനോട് ചെർന്ന് നിരോധിത കോളാമ്പികൾ സ്ഥാപിച്ച് വളരെയധികം ശബ്ദ ശല്യം സൃഷ്ടിച്ചിട്ടുണ്ട്. അതാണ് പരാതിയ്ക്ക് അടിസ്ഥാനം എന്നു പറഞ്ഞു.

 

ഇതു മാത്രമല്ല എല്ലാ ക്ഷേത്രങ്ങളിലും അറിയിപ്പ് കൊടുത്തിട്ടുണ്ട് എന്നും അങ്ങേ തലയ്ക്കൽ നിന്നും പറഞ്ഞു.

 

നിങ്ങളുടെ അടുത്ത് കോളാമ്പികൾ കെട്ടിയാൽ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞാൽ മതി എന്നും പറഞ്ഞു ഫോണ് വച്ചു.

 

ദിവസങ്ങൾ പലത് കടന്നുപോയി...

 

കേരളത്തിലെ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് അതാത് ജില്ലാ കളക്ടർ ഒരു സ്ക്വാഡ് രൂപികരിച്ചിട്ടുണ്ടായിരുന്നു.

 

2022 ലോ മറ്റോ രൂപപ്പെടുത്തിയ സ്ക്വാഡിൻറെ ഉദ്ദേശ ലക്ഷ്യങ്ങൾ ലൌഡ് സ്പീക്കറുകളുടെ അനിയന്ത്രിത ഉപയോഗം തടയുക എന്നതും, പരാതി കൂടാതെ നിരോധിത ലൌഡ് സ്പീക്കറിനെതിരെ പരാതിക്കാരൻറെ വിവരങ്ങൾ ശേഖരിക്കാതെ കേസെടുക്കാനും മറ്റുമായിരുന്നു.

 

സ്ക്വാഡ് ഇന്നും നിലവിലുണ്ട്. സ്ക്വാഡിന്റെ തലവൻ തഹസ്സീൽ ദാ‍ർ ആണ്, പൊലുഷ്യൻ കണ്ട്രോൾ ബോർഡ്, ജില്ലാ പോലീസ് മേധാവികൾ താലൂക്ക് ഓഫീസ് അംഗങ്ങൾ തുടങ്ങിയവർ അംഗങ്ങളായ സ്ക്വാഡിന് താലൂക്ക് തലത്തിൽ വിവരങ്ങൾ വിളിച്ചറിയിക്കാനുള്ള ഫോണ് നമ്പറും മറ്റും ഉണ്ട്.

 

നേരിട്ട് പോലീസിനെ വിളിക്കുന്നതിന് പകരം ഇവിടെ വിളിക്കാം വിവരങ്ങൾ ഷെയർ ചെയ്യാതെ തന്നെ പോലീസിനെകൊണ്ട് നടപടിയെടുപ്പിക്കുകയും ചെയ്യലാണ് ഉദ്ദേശ്യം.

 

അതിൻ പ്രകാരം പ്രസ്തുത വിഷയത്തിൽ രണ്ടാമത്തെ പരാതി തയ്യാറാക്കി കളക്ടറുടെ ഉത്തരവും മറ്റു വിവരങ്ങളും കാണിച്ച് സ്ക്വാഡ് ഹെഡ് തഹസ്സീൽ ദാർക്കും രജിസ്ട്രേഡ് പോസ്റ്റായി അയയ്ച്ചു.

 

വീണ്ടും ദിവസങ്ങൾ കടന്നുപോയി.

ഉത്സവത്തിന്റെ ഒരാഴ്ച മുന്നേ നാടുമുഴുവൻ നിരോധിത കോളാമ്പികൾ സ്ഥാപിക്കപ്പെട്ടു.

 

ഞാൻ നാടുമുഴുവൻ ചുറ്റിനടന്ന് ഫോട്ടോയും വീഡിയോയും എടുത്തു. 25 ൽ അധികം സ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ചിലപ്പോ അതിലും അധികം വരും മരങ്ങളുടെയും മറ്റും ഇടയിലുള്ളത് കാണാനേ കഴിയുന്നില്ല.

 

ആകെ ആശ്വാസം എന്റെ വീടിന് ചുറ്റുപാടും കാണപ്പെടുന്നില്ല. പരാതി ഫലിച്ചു രക്ഷപെട്ടിരിക്കുന്നു.

 

ഉത്സവത്തിന്റെ തലേദിവസമെത്തി, രാത്രി 6 മണി പാട്ട് തുടങ്ങി. അൽപം അകലെ മരത്തിൽ വച്ചിരിക്കുന്ന 2 നിരോധിത കോളാമ്പിയിൽ നിന്നുമുള്ള ശബ്ദം വീട്ടിൽ കേൾക്കാം. അലോസരമാണെങ്കിലും കഴിഞ്ഞ വർഷത്തത്ര ബുദ്ധിമുട്ടില്ല. മണിക്കൂറുകൾ കടന്നുപോയി. ശബ്ദം വളരെയധികം കൂടിയതായി തോന്നി. കതക് തുറന്നു മുറ്റത്തേയ്ക്കിറങ്ങിനോക്കി. വീടിനു മുന്നിൽ റോഡിനെതിർവശത്തെ സാധാരണ കോളാമ്പി സ്ഥാപിക്കാറുള്ള തെങ്ങിൻ മുകളിൽ കോളാമ്പി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പറ്റിക്കപ്പെട്ടിരിക്കുന്നു എന്നതാണ് എന്നേ അധികം വിഷമിപ്പിച്ചത്.

 

വീടിനകത്തു കയറി കുറേനേരം ആലോചിച്ചു.

 

ഇല്ല പരാതിപ്പെടുക തന്നെ വേണം. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനം അനുവദിക്കാവുന്നതല്ലല്ലോ. മുൻകൂർ പരാതിപ്പെട്ടിട്ടും, ചുമതലപ്പെട്ടവരെയൊക്കെ അറിയിച്ചിട്ടും ആർത്തിക്കുന്നെങ്കിൽ....

 

പോലീസ് കംപ്ലൈൻറ് നമ്പറായ,

112-ൽ വിളിച്ചു പരാതിപ്പെട്ടു.

അതാവുന്പോ കൃത്യമായ രേഖകൾ ലഭിക്കും പരാതിക്ക് എടുത്ത നടപടിക്രമങ്ങളെക്കുറിച്ച് അറിയുകയും ചെയ്യാം.

കുറച്ചു കഴിഞ്ഞപ്പോൾ പാട്ട് നിലച്ചു.
നാട്ടുകാർക്ക് നിശബ്ദമായ രാത്രി സമ്മാനിച്ച് ഞാനും ഉറങ്ങാൻ കിടന്നു.

 

അടുത്ത പ്രഭാതം പുലർച്ചെ 5 മണിയായിക്കാണും

നിശബ്ദതയെ കീറിമുറിച്ച് ലൌഡ് സ്പീക്കറുകളെല്ലാം ഉച്ചത്തിൽ ശബ്ദിച്ചുതുടങ്ങി.

ഞാൻ ഞെട്ടിയുണർന്ന് എഴുന്നേറ്റിരുന്നു.

കണ്ണട തപ്പിയെടുത്ത് ധരിച്ചു.

 

മൊബൈൽ തപ്പിയെടുത്ത്

112 ഡയൽ ചെയ്തു
- - ഹലോ കണ്ട്രോൾ റൂം - - മറുതലയിലെ ശബ്ദം

സമയം എന്തായി എന്നറിയ്യോ,
ഞാൻ ആരാഞ്ഞു.

എന്താണ് കാര്യം

ഇത്ര പ്രഭാതത്തിൽ എനിക്കു പാട്ടു കേൾക്കണ്ട,

അതിപ്പോ ശരിയാക്കിത്തരാം, എന്ന മറുപടി കിട്ടി.

വീണ്ടും പാട്ടു നിന്നു.

 

ഞാൻ പിന്നെയും കുറേ നേരം കൂടി ഉറങ്ങി.

നേരം പുലർന്നിട്ടാണ് പിന്നെ ഉണർന്നത്.

അപ്പേഴേയ്ക്കും പതിയെപ്പതിയെ ശബ്ദമുഖരിതമായി.

 

വീണ്ടും 112-ൽ വിളിച്ചു.

ഇപ്രാവശ്യം കാര്യങ്ങൾ സ്വൽപ്പം ഗൌരവമായി തന്നെ അവതരിപ്പിച്ചു.

പാട്ടു നിറുത്തി. കൂടാതെ, വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന (ഉത്സവത്തിൻറെ തലേദിവസം രാത്രിയിൽ സ്ഥാപിച്ച) ലൌഡ്സ്പീക്കറും ഡിസ്കണക്ട് ചെയ്യപ്പെട്ടു.

 

അൽപം ദൂരെയായി സ്ഥാപിച്ചരുന്ന 2 കോളാമ്പിയുടെ ശബ്ദം പഴയതിനെക്കാൾ കൂടി. വീടിനുള്ളിൽ അടച്ചിരുന്നാലും കേൾക്കാം.

 

ഒരു ഗുഗിൾ മീറ്റ് ഉണ്ടായിരുന്നു. അതിലൊക്കെ കൃത്യമായി മൈക്കിൻറെ ശബ്ദം കയറിവന്നു.

 

അടുത്ത പ്രഭാതം

5 മണിക്ക് പാട്ടുകേട്ടാതായി ഓർക്കുന്നില്ല, ഉറങ്ങിപ്പോയതായിരിക്കും.

 

വീടിനു പുറത്ത് ഏണിയുമായി പായുന്ന ചില മനുഷ്യർ.

വയർ അഴിച്ചുമാറ്റിയ കോളാമ്പിയിൽ നിന്നും കുറച്ചങ്ങോട്ട് മാറിയ ഇലക്ട്രിക് പോസ്റ്റിൽ ചാരിവച്ച് അതിലേയ്ക്ക് വലിഞ്ഞുകയറുന്ന മൈക്ക് ഓപ്പറേറ്റർ.

 

ഞാൻ മൊബൈൽ എടുത്ത് വീഡിയോ പകർത്തി. ഞാൻ പകർത്തുന്നത് അവർക്ക് കാണാനാകില്ലായിരുന്നു.

ആ പോസ്റ്റിൽ രണ്ട് കോളാമ്പി നിറച്ച ബോക്സും, എൻറെ വീടിനു പുറകിൽ ബഡ് റൂമിനോട് അടുത്തുവരുന്ന പോസ്റ്റിൽ ഒരു കോളാമ്പിയും സ്ഥാപിക്കപ്പെട്ടു.

 

ഇന്നലെ ഡിസ്കണക്ട് ചെയ്യപ്പെട്ട കോളാമ്പി സ്ഥാപിച്ചിരുന്ന പോസ്റ്റിലേയ്ക്ക് മൈക്ക് ഓപ്പറേറ്റർ എണി ചാരി വലിഞ്ഞുകയറി. അതിനി കെട്ടാനാണോ അഴിക്കാനാണോ എന്നറിയാത്തതിനാൽ മൊബൈൽ ഉയർത്തി വീഡിയോ എടുത്തു. അത് അദ്ദേഹം കണ്ടു, അതിൻറെ പ്രതികരണമെന്നോണം എന്നേ വയറു നിറയെ തെറിപറഞ്ഞു. കൂട്ടത്തിൽ ഉടുമുണ്ടു പൊക്കിയും കാണിച്ചു.

 

വീഡിയോയിൽകിട്ടിയ തെളിവുവച്ച് ആ മൈക്ക് ഓപ്പറേറ്റർ മഹാനെതിരെ പോലീസിൽ പരാതി നൽകി. പരാതിയുടെ കൂട്ടത്തിൽ നിരോധിത കോളാമ്പികൾ നാടുമുഴുവൻ സ്ഥാപിച്ചു ശല്യം ചെയ്യുന്നതിനെതിരെ നടപടിയെടുക്കണമെന്നും കൂടി പറഞ്ഞു. വിവരങ്ങൾ കാണിച്ച് ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകി.

 

അടുത്ത ദിവസം രാവിലെ 5 മണിയ്ക്ക് പാടിത്തുടങ്ങി.

ഈ പുതിയ കോളാമ്പികളെല്ലാം പാടിത്തുടങ്ങിയപ്പോ നരകതുല്യമായിരുന്നു അവസ്ഥ.

112 തന്നെ ശരണം വിളിച്ചു.

വിളിച്ചുപറഞ്ഞപ്പോ സ്റ്റേഷനിൽ പരാതിപ്പെടാൻ ആവശ്യപ്പെട്ടു.

 

പരാതികൾ മുൻകൂറായും അല്ലാതെയും 3 എണ്ണം നൽകിയിട്ടുണ്ടെന്നും നടപടി ആകുന്നില്ലെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. തലേദിവസം പരാതിപ്പെട്ട് അഴിച്ച 1 കോളാമ്പിയ്ക്ക് പകരം 3 എണ്ണം സ്ഥാപിച്ചിരിക്കുന്നെന്നും നാടുമുഴുവൻ സ്ഥാപിച്ചിരിക്കുന്നത് നിരോധിത കോളാമ്പിയാണെന്നും ആയവയുടെ തെളിവുകൾ സഹിതമാണ് പരാതിപ്പെട്ടിരിക്കുന്നതെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ഇവയൊക്കെ അഴിച്ചുവയ്പ്പിക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും പറഞ്ഞു.

 

സമയം രാവിലെ 5.30 ആയിക്കാണും ഫോണ് അടിക്കുന്നു കണ്ട്രോൾ വെഹിക്കിളിൻറെ ഉദ്യോഗസ്ഥനാണ്.

ഇവിടെ എത്തിയിട്ടുണ്ട്. ഇപ്പോ ഔട്ട് എല്ലാം ഓഫാക്കും. 10 മണിയാകുന്പോ ഒക്കെ അഴിച്ചുവച്ചിട്ട് ലോക്കൽ സ്റ്റേഷൻ ഹൌസ് ഓഫീസറെ കാണാൻ മൈക്ക് ഓപ്പറേറ്ററോടും കമ്മിറ്റിയോടും പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു.

അദ്ദേഹത്തോട് നന്ദി പറഞ്ഞു.

 

അന്ന് രാത്രിവരെ പുറത്തേയ്ക്കുള്ള നിരോധിത കോളാമ്പികൾ മിണ്ടിയില്ല.

 

അടുത്ത ദിവസത്തെ പ്രഭാതം

രാവിലെ 5 മണി

നേരീയശബ്ദത്തിൽ വീണ്ടും പാടിത്തുടങ്ങി.

 

ഏതെങ്കിലും രാഷ്ട്രീയക്കാരുടെ കാലുപിടിച്ച് നിയമം ലംഘിക്കാനുള്ള അവസരം നേടിയതായിരിക്കും.

അന്നു തിരെ ശബ്ദ്കുറവുണ്ടായിരുന്നതുകൊണ്ടും എനിക്ക് പിടിപ്പതു പണിയുണ്ടായിരുന്തുകൊണ്ടും പരാതിപ്പെടാൻ പോയില്ല.

വൈകുന്നേരമായപ്പോ ശബ്ദം ഉച്ചസ്ഥായിയിലായിട്ടും പരാതിപ്പെട്ടുമില്ല.

രാത്രി വൈകിയും കംപ്യൂട്ടറിൻറെ മുന്നിലായിരുന്നു പണിയായിരുന്നു അതും ഓഫാക്കി പുറത്തേക്കിറങ്ങിയപ്പോ പൂരപ്പറന്പിലെത്തിയപോലെ ആയിരുന്നു.

 

112 ൽ വിളിച്ച് ഇതൊന്നവസാനിപ്പിച്ചു തരുമോ മനുഷ്യർക്ക് കിടന്നുറങ്ങണ്ടെ എന്നു ചോദിച്ചു.

10 മിനിറ്റ് അവിടെ ഇരുന്നു.

ശാന്തം സമാധാനം കുരുവിയുടെയും മറ്റു ജീവജാലങ്ങലുടെയും ശബ്ദം മാത്രം. വാച്ചിലേയ്ക്ക് നോക്കിയത് രാത്രി 10.30. അപ്പോഴും ദൂരെ 400 മീറ്ററോളം അകലെ പ്രഭവസ്ഥാനത്ത് സ്പീക്കർ ബോക്സുകളുടെയും സബ് വൂഫറുകളുടെയും മുഴക്ക ശബ്ദം കേൾക്കാമായിരുന്നു. അതിനടുത്തുള്ള മനുഷ്യരോടുള്ള ദുഃഖം ഉള്ളിലൊതുക്കി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു.

 

അടുത്ത പ്രഭാതം

രാവിലെ 5 മണി ഉച്ചത്തിലുള്ള ശബ്ദ കോലാഹലം കേട്ടാണ് ഉണർന്നത്. അവ്യക്തവും തെറ്റായി ശബ്ദ മിശ്രണം നടത്തിയപോലെയും കേൾക്കുന്ന പാട്ട് എന്താണെന്ന് അറിയാൻ കഴിയുന്നില്ല. വേഗം എഴുന്നറ്റ് വീടിനു പുറത്തുവന്നു. മറ്റെവിടെയോ നിന്നുകൂടി ഉച്ചത്തിൽ കോളാമ്പി ശബ്ദം കേൾക്കുന്നു.

 

നേരം പുലർന്നുവരുന്നേയുള്ളു.

എന്താണെന്ന് അന്വേഷിക്കാം എന്നു ധാരണയിൽ ബൈക്കും എടുത്ത് റോഡിലൂടെ ശബ്ദം കേട്ട ദിക്കുനോക്കി ഓടിച്ചുപോയി. എന്നേ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു അവിടെ കണ്ടത്. അടുത്തടുത്ത മരങ്ങളിൽ മറ്റരു ക്ഷേത്രത്തിലിലെ ഉത്സവ കോളാമ്പി കെട്ടിയുടർ്ത്തിയിരിക്കുന്നു. ഇതു രണ്ടും അടുത്തടുത്തിരുന്ന് വ്യത്യസ്ത പാട്ടുകൾ പാടുന്നു.

 

നല്ല രസ്സമായിരിക്കും ഇതു കേൾക്കുന്ന നാട്ടുകാർക്ക്. ഒരു കോളാമ്പി മിനിമം 2 കിലോമീറ്ററെങ്കിലും ദുരം ശബ്ദം എത്തിക്കും. കാറ്റ് അനുകൂലമാണെങ്കിൽ അതിലും ദുരത്തിൽ. ഇതിവിടെ അടുത്തടുത്ത 2 മരങ്ങളിലായി 4 നിരോധിത കോളാമ്പി കിലോമീറ്ററുകളോളം ദുരത്തിൽ വയർ വലിച്ച് സ്ഥാപിച്ചിരിക്കുന്നു. അതും വ്യത്യസ്ഥമായ പാട്ടുകളും ഇട്ട്. ഇതിനിടയിലുള്ള മനുഷ്യരൊക്കെ പരീക്ഷണ വസ്തുക്കളാണോ എന്നൊരു സംശയം എനിക്കുടലെടുത്തു.

 

അവയുടെയൊക്കെ ഫോട്ടോയും വീഡിയോയും എടുത്തു.

 

112 ൽ വിളിച്ചു പരാതിപ്പെട്ടു.

രണ്ടു ക്ഷേത്രങ്ങളുടെയും കോളാമ്പികൾ നിറുത്തിവയ്പ്പിക്കണമെന്നും ഇതിനിടയിലുള്ള മനുഷ്യരൊന്നും പരീക്ഷണ വസ്തുക്കളല്ലെന്നും പറഞ്ഞു.

 

പോലീസ് വന്നു, രണ്ടും നിറുത്തി വയ്പ്പിച്ചു.

 

രാവിലെ 7 മണിക്കു മുന്നേ നടന്ന പരിപാടിയായിരുന്നു ഇത്.

 

ഇപ്പോ 7.45 ആയിക്കാണും, ഒരു ചെറിയ കൂട്ടം ആൾക്കാർ ഞങ്ങളുടെ വീടിൻറെ ഗേറ്റ് കടന്ന് അകത്തേയ്ക്ക് വന്നു.

പോലിസിൽ പരാതിപ്പെട്ടിരുന്നോ ?

കൂട്ടത്തിൽ ഒരുവൻ

ചെയ്തിരുന്നു എന്ന് ഞാൻ

ഇനി ചെയ്യരുത്.

 

ശബ്ദം ബുദ്ധിമുട്ടായാൽ ഇനിയും ചെയ്യും എന്നു ഞാൻ

 

അവർ ഉച്ചത്തിൽ ബഹളമുണ്ടാക്കുകയും കയർക്കുകയും മറ്റും ചെയ്തു. വിവിധ കോടതി ഉത്തരവുകളുടെയും, സർക്കാർ ഉത്തരവുകളുടെയും, പോലീസ് അധികാരികളുടെയും ഉത്തരവുകളുടെ ലംഘനമാണ് നടക്കുന്നത്. അതിനാലാണ് പോലീസ് ഇടപടീൽ നടക്കുന്നത്. അതിനാൽ നിയമം പാലിച്ചുമാത്രം നടത്തുകയാണ് പോംവഴി എന്നു ഞാൻ പറഞ്ഞു.

 

അതു കേൾക്കാനോ മനസ്സിലാക്കാനോ ഉള്ള മനസ്സാന്നിദ്ധ്യം വന്നവർക്കില്ലായിുരന്നു.

നിയമങ്ങലെല്ലാം അങ്ങനെ പാലിക്കാനുള്ളതല്ല. തുടങ്ങി അനവധി നിരവധി ന്യായങ്ങളും നിരത്തി. കൂട്ടത്തിലൊരാൾ എൻറെ വീഡിയോയും പകർത്തുന്നുണ്ടായിരുന്നു.

 

ഇനി പരാതിപ്പെടരുത് എന്ന അവരുടെ ന്യായം ഞാൻ അംഗികരിച്ചില്ല.

ആദ്യം പരാതിപ്പെട്ട ക്ഷേത്രത്തിലെ കാര്യം പറയാൻ വന്നവരായിരുന്നു ഇത്.

 

കൂട്ടത്തിൽ വാർഡ് മെമ്പറും ഉണ്ടായിരുന്നു. അദ്ദേഹവും കമ്മിറ്റി അംഗമായിരുന്നെന്നു തോന്നുന്നു. അദ്ദേഹത്തോട് പറഞ്ഞു ശബ്ദം ബുദ്ധിമുട്ടായാൽ ഞാൻ ഇനിയും പരാതിപ്പെടും എന്നും അതിനു മുമ്പ് മെമ്പർ എന്നനിലയിൽ താങ്കളെ വിളിക്കാം എന്നും പറഞ്ഞു. മറ്റേ ക്ഷേത്രത്തിൻറെയും പരിധിയിൽ മെമ്പറാണ് ഇദ്ദേഹം എന്നതുകൊണ്ട്. ആ ക്ഷേത്രത്തിലെയും ഇങ്ങോട്ട് കടത്തി സ്ഥാപിച്ചിരിക്കുന്ന കോളാമ്പി മാറ്റിക്കുക കൂടി ചെയ്യണം എന്നും അതിൽ നിന്നു ശബ്ദം കേട്ടാലും ഞാൻ പരാതിപ്പെടും എന്നു പറഞ്ഞ് അവരെ മടക്കി അയച്ചു.

 

കയർത്ത് സംസാരിക്കുകയും അനുവാദമില്ലാതെ വീട്ടിൽ കടന്നുവന്ന് വീഡിയോ എടുക്കകയും ചെയ്യുകയും പോലീസിൽ പരാതിപ്പെട്ടത് ആവർത്തിക്കരുത് എന്ന് ആവശ്യപ്പെട്ടതിൻറെയും വിവരങ്ങൾ കാണിച്ച് ലോക്കൽ സ്റ്റേഷനിലും ജില്ലാ പോലീസ് അധികാരിയ്ക്കും തെളിവുകൾ സഹിതം പരാതി സമർപ്പിച്ചു.

 

അന്ന് അങ്ങനെ കടന്നുപോയി.

രാത്രി ഉറക്കം വരാഞ്ഞതിനാൽ നാളിതുവരെ നടന്ന വിവരങ്ങളും തെളിവുകളും കാണിച്ച് ജില്ലാ കളക്ടർക്ക് ഒരു ഈ മെയിൽ പരാതി സമർപ്പിച്ചു. കളക്ടർ നിയോഗിച്ച സ്ക്വാഡിലെ അംഗമായ പൊലുഷ്യൻ കണ്ടോളിനും ശബ്ദ നില പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം എന്ന പരാതിയും സമർപ്പിച്ചു.

 

മറ്റൊന്നകൂടി ചെയ്തു.

 

കെ.എസ്.ഇ.ബി. പോസ്റ്റുകളിൽ നിരോധിത കോളാമ്പികൾ സ്ഥാപിച്ചിരിക്കുന്നതും പോസ്റ്റുകൾ വഴി വയർ വലിച്ച് അലങ്കാര ദീപങ്ങൾ സ്ഥാപിച്ചിരിക്കുന്നതും നിയമപ്രകാരമാണോ എന്നു പരിശോധിക്കണം എന്നു കാണിച്ച് കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവി എഞ്ചിനീയർക്കും, കെ.എസ്.ഇ.ബി. വിജിലൻസിനും, വൈദ്യുതി മന്ത്രിക്കും പരാതി അയച്ചു.

 

അടുത്ത പ്രഭാതം വലിയ ശബ്ദ കോലാഹലമില്ലാതെ കടന്നുപോയി.

 

5 ദവസം കടന്നുപോയിരിക്കുന്നു. കുറേ പണിയെടുത്തെങ്കിലും കഴിഞ്ഞവർഷത്തെക്കാൾ ശബ്ദ നിലയിൽ കുറവു വന്നിട്ടുണ്ടായിരുന്നു.

ഇതുവരെ നടന്ന വിവരങ്ങളും, ശേഖരിച്ച തെളിവുകളും, കൊടുത്ത പരാതികളും സഹിതം വിശദമായ ഒരു പരാതി തയ്യാറാക്കി. മുഖ്യമന്ത്രിക്ക് (complaints cmo kerala) പരാതിപ്പെടാനും, സംസ്ഥാന പോലീസ് മേധാവിയ്ക്ക് അയയ്ക്കാനുമായി തയ്യാറാക്കിയത് അയച്ചു.

 

കൂടാതെ മനുഷ്യാവകാശ കമ്മീഷന് വിശദമായ വിവരങ്ങൾ കാണിച്ച് ഒരു തുടർ പരാതിയും തയ്യാറാക്കി അയച്ചു.

ഈ കൊടുത്ത പരാതികളിലൊക്കെ മറ്റെല്ലാം പരാതികളും തെളിവുകളും സഹിതമാണ് കൊടുത്തത്.

 

അവസാന ദിവസത്തിൻറെ തലേദിവസം ഉച്ചയ്ക്ക് വീടിനോട് ചേർന്ന പുരയിടത്തിൽ നിന്നും അത്യുച്ചത്തിൽ പാട്ട് തുടങ്ങി. മനഃപ്പൂർവ്വം ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു ലോറിയിൽ വലിയ സ്പീക്കറുകൾ സ്ഥാപിച്ച് 2 മണിക്കൂറോളം പാടി.

 

നിവർത്തിയില്ലാതെ വന്നപ്പോൾ

112 പോലീസ് കംപ്ലൈൻറ് നമ്പർ, 1090 ക്രൈം സ്റ്റോപ്പർ, 1077 കളക്ട്രേറ്റ് കണ്ട്രോൾ നമ്പർ എന്നിവിടങ്ങളിൽ വിളിച്ച് പരാതിപ്പെട്ടു.

അടിയന്തിര നടപടി സ്വീകരിക്കണം എന്നും പറഞ്ഞു.

 

പോലീസ് കണ്ട്രോൾ മ്പറുകളിൽ നിന്നും ലോക്കൽ സ്റ്റേഷനുകളിൽ നിന്നും കോൾ വന്നു.

പോലീസ് ജീപ്പ് വന്നു പാട്ട് നിറുത്തിച്ചു.

 

തൽക്കാല ശാന്തി ലഭിച്ചു.

 

പക്ഷേ രാത്രി 1 മണിമുതൽ ചെറിയ ശബ്ദത്തിൽ പാട്ട് ആഭാഗത്തുനിന്നും കേള്ക്കമായിരുന്നു.

ഇടയ്ക്കെപ്പോഴോ ഞാൻ പോയി ജന്നൽ തുറന്നു നോക്കുകയും ചെയ്തു.

 

അങ്ങനെ ഉത്സവത്തിൻറെ ദിവസം പ്രഭാതം പൊട്ടിവിടർന്നു.

എല്ലാ നിരോധിത കോളാമ്പികളും മറ്റു ശബ്ദ ഉപകരണങ്ങളും അതിൻറെ പരമാവധി ശബ്ദത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

വീടിനു മുന്നിലും സമീപത്തുമായി വന്നുകൊണ്ടിരിക്കുന്ന ഫ്ലോട്ടുകളും മറ്റു ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ഉപകരണങ്ങളും.

 

മുൻകൂർ പരാതി നൽകിയിട്ടും ഇത്രയും ദിവസം തുടർ പരാതികൾ കൊടുത്തിട്ടും, തെളിവുകൾ സഹിതം പരാതിപ്പെട്ടിട്ടും. താൽക്കാലികാശ്വസം പകരാനല്ലതാ തെറ്റുകാർക്കെതിരെ നടപടിയെടുക്കാനോ. തെറ്റ് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനോ നാട്ടിലെ നിയമപാലന സംവിധാനങ്ങൾക്കായില്ല.

 

ശബ്ദത്തോട് ഒരു തരത്തിലും പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ തൽക്കാലം ഞാൻ കുടുംബസമേതം മറ്റൊരു സ്ഥലത്തേയ്ക്ക് പോകുകയും രാത്രി 10.30 ആയപ്പോ തിരികെ വരികയും ചെയ്തു. തിരികെ വരാൻ സാധാരണ ഉപയോഗിക്കാറുള്ള റോഡ് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഉത്സവ ഫ്ലോട്ടുകളും മറ്റും ആയി ആ റോഡ് അപ്പോഴും ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

ഉത്സവ ദിവസം വൈകിട്ട് 6 മണിമുതൽ രാത്രി ഏകദേശം 12 മണിവരെ വൈദ്യുതി തടസ്സവും ഉണ്ടായിരുന്നു.

 

മൈക്ക് പെർമിഷൻറെ വിവരങ്ങൾ തിരക്കി കൊടുത്ത വിവരാവകാശ നിയമപ്രകാരം ഉള്ള അപേക്ഷ (ജിവനും സ്വത്തിനും സംരക്ഷണം നൽകുന്നവിധമുള്ളതാകയാൽ 48 മണിക്കൂറിനകം ലഭിക്കേണ്ടത്) ഇതുവരെ ലഭിച്ചിട്ടില്ല.

 

പോലീസിനു കൊടുത്ത 5 പരാതികളും, മുഖ്യമന്ത്രി പോർട്ടലിൽ സമർപ്പിച്ച വിശദമായ അവസാന പരാതിയും എന്താകും എന്നറിയില്ലെങ്കിലും. ഉത്സവം കഴിഞ്ഞ് മൈക്കോ ഓപ്പറേറ്റർമാർ സ്ഥാവര ജംഗ്മങ്ങളും അഴിച്ച് സ്ഥലം വിട്ടിരിക്കുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

 

കുറച്ചു ദിവസം കഴിഞ്ഞപ്പോ ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കോൾ

സ്റ്റേഷനിലേയ്ക്ക് വരണം പരാതിയുടെ മൊഴി എടുക്കാനാണ്.

വരാം എന്നു പറഞ്ഞു,

അടുത്ത ദിവസം 10.30 ന് സ്റ്റേഷനിലേയ്ക്ക് എത്തി.

വിളിച്ച പോലീസ് കാരനെ കണ്ടെത്തി അദ്ദേഹം കുറച്ചു പേപ്പറുമായി വന്ന് എന്നെ ഒരു ഒഴിഞ്ഞ എഴുത്തുമുറിയിലേയ്ക്ക് ആനയിച്ചു.

 

വില്ലേജ് താലൂക്ക് വീട്ടുപേര് തുടങ്ങിയവ ചോദിച്ചു.

ഞാൻ മൊഴി എഴുതുന്നതിനു മുമ്പ് ചില കാര്യങ്ങൾ അവതരിപ്പിക്കാനുണ്ടെന്നു പറഞ്ഞു.

 

നാളിതുവരെ നടന്ന സംഭവങ്ങളും കൊടുത്ത പരാതി വിവരങ്ങളും ആയവയുടെ പോലീസ് ആപ്പിൽ ഉള്ള ആപ്ലിക്കേഷൻ നമ്പറുകളും ഒക്കെ കാണിച്ചു. അതെല്ലാം കേട്ട് അദ്ദേഹം അടുത്ത ദിവസം വിളിക്കാം അന്നേരം വന്ന് സി.ഐ. സാറിനെ കാണൂ എന്നു പറഞ്ഞു.

 

അടുത്ത ദിവസം രാവിലെ വിളി വന്നു.

ഞാൻ പോയി

സി.ഐ. സാറിനെ കേറി കണ്ടു.

 

സ്റ്റേഷനിൽ വന്ന പരാതി വരുത്തിച്ച് വായിച്ചു നോക്കിയിട്ട് മൊഴി രേഖപ്പെടുത്താൻ പോലീസ് കാരനോട് പറഞ്ഞു.

പോലീസിന് തുണ ആപ്പ് വഴി കൊടുത്ത 5 പരാതികളുടെയും കോപ്പി ഞാൻ പോലീസുകാരനു നേരെ നീട്ടി. കൂടെ സംസ്ഥാന പോലീസ് മോധാവിയ്ക്ക് നൽകിയതും അത് അദ്ദേഹം വാങ്ങി.

 

ഞാൻ മൊഴിരൂപത്തിൽ ടൈപ്പ് ചെയ്തു തയ്യാറാക്കിവച്ചിരുന്ന 6 പേജുള്ള പ്രിൻറ് കൈയ്യിലെടുത്തു. അതിൽ ഇതുവരെ നടന്ന എല്ലാ സംഭവങ്ങളും, കൊടുത്ത പരാതികളും അവയുടെ ഉള്ളടക്കവും അവയ്ക്ക് കൊടുത്ത തെളിവുവിവരങ്ങളും ഒക്കെ ഉണ്ടായിരുന്നു. അതു വാങ്ങി മറിച്ചുനോക്കിയിട്ട് എന്നോട് പുറത്തു നിൽക്കാൻ ആവശ്യപ്പെട്ടു.

 

സി.ഐ. സാറും പോലീസ് കാരനും കൂടി കുറച്ചു നേരം സംസാരിച്ച ശേഷം പോലീസ് കാരൻ പുറത്തുവന്നു എന്നോട് പറഞ്ഞു.

 

ക്ഷേത്രകമ്മിറ്റിക്കാരെ മുഴുവൻ വിളിപ്പിക്കുന്നുണ്ട്.

 

ഇപ്പോ പൊയ്ക്കോളു ആവശ്യമുണ്ടെങ്കിൽ വിളിപ്പിക്കാം; എന്നു പറഞ്ഞു. മൊഴിയായി തയ്യാറാക്കിയ പ്രിൻറ് മാത്രം വാങ്ങി മറ്റു പരാതികളുടെ രേഖകളെല്ലാം തരികെ തരികയും ചെയ്തു. മൊഴിരേഖപ്പെടുത്തിയോ എന്നു ചോദിച്ചാൽ ഇല്ല.

 

ദിവസങ്ങൾ പിന്നെയും പലതു കടന്നുപോയി പരാതികൾ എന്തായി എന്നറിയാനും പാടില്ല.

 

പോലീസിൻറെ പരാതി സൈറ്റി കയറി നോക്കിയപ്പോ പോലീസിനുകൊടുത്ത 5 പരാതിയുടെയും എൻക്വയറി റിപ്പോർട്ട് സബ്മിറ്റഡ് എന്നു കാണിക്കുന്നു. എന്നേ കേൾക്കാതെയുള്ള എൻക്വയറി റിപ്പർട്ട് മസർപ്പിക്കൽ അതന്തു മറിമായം എന്നാലോചിച്ചപോയി ഞാൻ.

 

ഏതായാലും വിവരങ്ങൾ അറിയണ്ടേ.

അതിനൊരു വിവരാവകാശം വച്ചു. 5 പരാതിയുടെയും റിപ്പോർട്ടിൻറെ പകർപ്പും തയ്യാറാക്കിയ ഉദ്യോഗസ്ഥൻറെ വിവരങ്ങളും സഹിതം കൂട്ടത്തിൽ പഴയ മനുഷ്യാവകാശ കമ്മീഷനറെ മൊഴി പകർപ്പും റിപ്പോർട്ടും, ഇപ്പോ ഞാൻ കൊടുത്തെന്നു കരുതുന്ന മൊഴിയുടെ പകർപ്പും (മൊഴിയെടുത്തിട്ടില്ലെന്നു പറയുവാണേൽ അതും അറിയാല്ലോ).

 

പോലീസ് കുറച്ചുകൂടി ശക്തമായി ഇടപെട്ടാൽ അവസാനിപ്പിക്കാവുന്നതോയുള്ളു എന്ന തിരിച്ചറിവിൽ കാത്തിരിക്കുന്നു. ഒന്നും നടന്നില്ലെങ്കിൽ നീതിന്യായ വ്യവസ്ഥയെ കൂട്ടുപിടിക്കാം എന്ന പ്രതീക്ഷയിൽ സ്വഭവനത്തിൽ സ്വതന്ത്രമായി കഴിയുനുള്ള പൌരൻറെ അവകാശം ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 ൻറെ ലംഘനത്തിനെതിരെ പോരാടുന്ന ഒരു പൌരൻ.

 

നന്ദി, സ്നേഹം.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌