ഒരു പോലീസ് പിടിച്ച ചായ കുടി.

ഓഫീസ് ദിവസങ്ങളിലെ വൈകുന്നേരങ്ങളിലെ ചായകുടി മിക്കവാറും കുണ്ടറയിലെ മോഡേൺ ബാറിനടുത്തുള്ള ശ്രീഗണേഷ് ഹോട്ടലിലായിരിക്കും. അതിനൊരു പ്രധാന കാരണവും ഉണ്ടായിരുന്നു സൊസൈറ്റിയിൽ നിന്നും കിട്ടുന്ന നല്ല ശുദ്ധമായ പാലിൽ ആണ് ചായയ്ും കാപ്പിയും ഉണ്ടാക്കുന്നത്. ശ്രീഗണേഷിൽ പോകുന്ന ദിവസങ്ങളിലെല്ലാം മൂന്നോ നാലോ സുഹൃത്തുക്കൾ കൂടി ഉണ്ടായിരിക്കും കാരണം എല്ലാരും വൈകുന്നേരത്തെ ആ ചായകുടിസമയത്ത് വിളിച്ചാൽ ഒന്നിച്ചു തന്നെ വരും. 

'പുതിയ ഗതാഗത നിയമം പാലിക്കപ്പെടണം എന്നുറപ്പുള്ളതുകൊണ്ട് ഇനി വണ്ടിക്ക് ടയറില്ലെങ്കിൽ പോലും ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റും കാറിൽ പോകുമ്പോൾ ബൽറ്റും ഇടാറുണ്ട്. മാത്രവുമല്ല 50 പൈസയുടെ മിഠായി വാങ്ങിയാൽ അതിന്റെ കവർ പോലും മടക്കി പോക്കറ്റിൽ വച്ച് വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനുള്ള ചാക്കിൽ കൊണ്ടിട്ട് പ്രതിമാസം പ്ലാസ്റ്റിക് ശേഖരിച്ച് പ്രോസസ് ചെയ്യുന്നിടത്തേക്ക് കൊണ്ടുപോകുന്ന ചേച്ചിക്ക് അങ്ങോട്ട് കാശുകൊടുത്ത് കൊടുത്തുവിടുകയും ചെയ്യുന്നുണ്ട്. ഈ ഭൂമിയും ലോകവും നമുക്കും മനുഷ്യനല്ലാത്ത മറ്റു ജീവികൾക്കും സ്വതന്ത്രമായി ജീവിക്കാൻ വേണ്ടിയുള്ളതാണല്ലോ ? നശിപ്പിക്കാൻ പാടില്ല  എന്നതാണ് എന്റെ മതം. ചെറുപ്പത്തിലെപ്പോഴോ സ്വയമോ മറ്റെതെങ്കിലും പ്രേരണയാലോ (എന്താണെന്ന് ഓർക്കുന്നില്ല) ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് എന്നേ ഞാനാക്കണ്ടാ എന്നു തീരുമാനമെടുത്തിരുന്നു. 'മദ്യപിച്ചോ വെറ്റില മുറുക്കിയോ (ഇപ്പോ ഹാൻസ്) പുകവലിച്ചതിന് ശേഷം പുകമണവുമായോ ആരെങ്കിലും എന്റെ ഓഫീസിൽ വന്നാൽ പോലും പ്രത്യക്ഷമായി തന്നെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു താനും.'

അങ്ങനെ പതിവുപോലെ ഇന്നലെ വൈകുന്നേരം 4 മണിയായപ്പോൾ ഞാനും മാതൃഭൂമി റിപ്പോർട്ടർ ബിജു അണ്ണനും, കരാട്ടെ സുഹൃത്ത് ശ്യാം രാജും കൂടി ഒരു ചായ കുടിക്കാം എന്നു കരുതി ഇറങ്ങി അടുത്തുള്ള ചായക്കടയിൽ ഇടയ്ക്ക് പോകാറുണ്ടെങ്കിലും അത്ര രുചികരമായ ചായ കിട്ടാറില്ല. അതിനാൽ ശ്രീഗണേശിലേക്ക് പോകാം എന്നു തീരുമാനിച്ച് 2 ബൈക്കിലായി യാത്ര തിരിച്ചു. അവിടെ എത്തി ചായക്ക് പകരം നല്ല കടുപ്പത്തിൽ നല്ലപോലെ പാലൊഴിച്ച് കാപ്പിയും മസാല ദോശയും വടയും ഒക്കെ കഴിച്ച് പുറത്തിറങ്ങി. തിരികെ ശ്യാം അയാളുടെ ബൈക്കിലും ഞാനും ബിജു അണ്ണനും എന്റെ ബൈക്കിലും കയറി ദൂരെ നിന്നും ഒരു കാർ വരുന്നത് വക വയ്ക്കാതെ ഞാൻ വേഗതയിൽ ബൈക്കോടിച്ച് റോഡിന്റെ അപ്പുറത്തിറങ്ങി. കുണ്ടറ ആശുപത്രിമുക്കിൽ നിന്നും വന്നാൽ മുക്കട ജംഗ്ഷൻ കഴിഞ്ഞ് ആണ് ശ്രീഗണേശ് ഹോട്ടൽ. തിരികെ അപ്പുറത്തിറങ്ങിയാൽ ആദ്യം മുക്കട ജംഗ്ഷൻ പിന്നെ ആശുപത്രിമുക്ക്; അവിടെയാണ് എന്റെ ഓഫീസ്. അപ്പുറത്തിറങ്ങി മുക്കട ജംഗ്ഷനിലേക്ക് വണ്ടി ഓടിച്ച എന്റെ മുന്നിലേയ്ക്ക് ഒരു പോലീസ് ജീപ്പ് വട്ടം കൊണ്ടുവന്നു നിറുത്തി.

ഒരു പോലീസ്സുകാരൻ ചാടിയിറങ്ങി എന്നേ തടഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ലാത്തതിനാൽ ഞാൻ വലത്തേക്ക (റോഡിനു നടുവിലേക്ക്) നീക്കി വണ്ടി നിറുത്തി. അങ്ങനെ  ചെയ്യാൻ കാരണം ചാടിയിറങ്ങിയ പോലീസുകാരനെ മുട്ടാതെയും ആ ജീപ്പ് അവിടെയിട്ടു തിരിക്കാനെങ്ങാണമായിരിക്കും എന്നു കരുതിയും ആയിരുന്നു. പക്ഷേ എന്നേ തടഞ്ഞ പോലീസുകാരൻ എന്റെ ബൈക്ക് ആ റോഡിന് നടുവിൽ വച്ച് താക്കോൽ ഓഫ് ചെയ്ത് ബൈക്ക് സൈഡിലേക്ക് ഒതുക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഒതുക്കിയില്ല കാരണം അദ്ദേഹം ചെയ്തത് തെറ്റാണ് മാത്രവുമല്ല ഈ പ്രവർത്തികളുടെ ഉദ്ദേശ്യം എനിക്കു മനസ്സിലായതുമില്ല.

എന്നോട്

'ലൈസൻസുണ്ടോ?'

ഞാൻ പറഞ്ഞു 'ഉണ്ടല്ലോ... !'

ഉണ്ടല്ലോ എന്നു പറഞ്ഞ മറുപടി കേൾക്കാഞ്ഞപോലെ ആ ചെറുപ്പക്കാരനായ ആ പോലീസുകാരൻ എന്റെ ഹെൽമെറ്റിനുള്ളിലേയ്ക്ക് തലയിട്ടു. വീണ്ടും ചോദ്യം ഇൻഷുറൻസ് ഉണ്ടോ ?

ഞാൻ പറഞ്ഞു 'അതും ഉണ്ടല്ലോ...!'

'ഒരു ദന്ത ഡോക്ടറേക്കാൾ പ്രാഗത്ഭ്യത്തോടെ  ഹെൽമറ്റിനുള്ളിലൂടെ എന്റെ വായും നാക്കും പല്ലും പരിശോധിച്ച് പിറകേ ഇറങ്ങിവന്ന അഡിഷണൽ എസ്സ്. ഐ. യോട് കുഴപ്പമൊന്നുമില്ല എന്നാംഗ്യം കാണിക്കുന്നു. എന്നിട്ട് കണ്ണുകൊണ്ട് പതിയെ എന്നോട് പൊയ്‌ക്കോളാൻ പറയുന്നു.'

എനിക്കു പിന്നിൽ വാഹനങ്ങൾ അനവധി ബ്ലോക്കായിട്ടുണ്ട് എന്ന തിരിച്ചറിവിൽ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഇങ്ങുപോന്നു.

*വളരെയധികം ഇൻസൾട്ടിംഗായി ഈ വിഷയം എനിക്കു തോന്നി അതിനാൽ മാത്രം ഈ കുറിപ്പിവിടെ ഇടുന്നു.*

പോലീസുകാരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നു മനസ്സിലാക്കാൻ എനിക്കു പിന്നെയും സമയമെടുത്തു.

കാരണം

ഒരു ക്രിമിനൽ കേസിലെ പിടികിട്ടാപ്പുള്ളിയെ പിടിക്കുന്ന അത്രയും ബുദ്ധിമുട്ടെടുത്ത് അരമണിക്കൂറിൽ കൂടുതൽ ചെലവഴിച്ച് ചായയും മറ്റും കഴിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് വന്ന ഞാനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് വട്ടം പിടിച്ച് എനിക്ക് ലൈസൻസുണ്ടോ ഇൻഷുറൻസ് ഉണ്ടോ എന്നു പരിശോധിക്കുക. അതും തിരക്കുള്ള റോഡിന്റെ നടുവിൽ നിന്നുകൊണ്ട് തന്നെ. എന്നിട്ട് കണ്ണും കലാശവും ആംഗ്യവും ഉപയോഗിച്ച് പോയ്‌ക്കോളാൻ പറയുക.

എന്തായാലും കുണ്ടറ പോലീസ് നന്നാവുന്നുുണ്ട്.

അല്ലെങ്കിൽ പിന്നെ ബാറിനടുത്ത് ഹോട്ടലുണ്ടെന്നും മറ്റ് സ്ഥാപനങ്ങളുണ്ടെന്നും മനസ്സിലാക്കാനുള്ള സാമാന്യ മര്യാദ പോലിസ് കാണിക്കണ്ടേ. പൊതു ഇടങ്ങളിൽ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്യവും അത്മാഭിമാനവും നഷ്ടപ്പെടുത്തി. വായ്ക്കുള്ളിലും മറ്റും മുക്കു ചേർത്തുവച്ച് മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് എന്തു വലിയ പോഷ്‌കാണ്.

ഇന്ത്യപോലെ ഒരു ജനാധിപത്യരാജ്യത്ത്; രാജ്യത്തെയും ഭരണഘടനയെയും നിയമങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യസ്‌നേഹവും പരസ്പര സ്‌നേഹവും ബഹുമാനവും നീതിയും നിലനിൽക്കണം എന്നാഗ്രഹമുള്ള എന്നേപ്പോലുള്ളവരും ഉണ്ടെന്നും. ഇതുപോലെയുള്ളവർ ഉള്ളതുകൊണ്ടാണ് ഈ ചുറ്റുപാടുകൾ ഇങ്ങനെ നിലനിൽക്കുന്നതെന്നും മനസ്സിലാക്കാനുള്ള മഹാമനസ്‌കത ഇനി എന്ന് പോലീസിനു വന്നു ചേരും.

എല്ലാവരും തെറ്റുചെയ്യുന്നവരാണ് എന്ന പോലിസിന്റെ പൊതു ബോധം തെറ്റാണ്. 

ആയതിനാൽ ദയവുചെയ്ത് ഇത്തരം കുത്സിത പ്രവർത്തികൾ ചെയ്യുന്നതിനു മുമ്പ് രണ്ടു തവണ ആലോചിക്കുക.

സ്‌നേഹപൂർവ്വം,
മനു. കൊല്ലം.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌